ബന്ധു നിയമനക്കേസിലെ സത്യവാങ്മൂലം: മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കേണ്ട സമയം അതിക്രമിച്ചെന്ന് വീണ്ടും കോടതി
text_fieldsകൊച്ചി: മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ ഉള്‍പ്പെട്ട ബന്ധു നിയമനക്കേസില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ സത്യവാങ്മൂലം നല്‍കാനിടയായത് എങ്ങനെയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കണമെന്ന് ഹൈകോടതി.
കോടതിയുടെ നേരത്തേയുള്ള ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലത്തില്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ളെന്ന് കോടതി പരാമര്‍ശിച്ചപ്പോള്‍, നിയമനം മൂലം ആരും നേട്ടമുണ്ടാക്കിയിട്ടില്ളെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയതാണ് ഇടക്കാല ഉത്തരവിനിടയാക്കിയത്. ഫെബ്രുവരി 23ലെ ഉത്തരവില്‍ കോടതി ഉന്നയിച്ച ചോദ്യത്തിന് വ്യക്തമായ മറുപടിയില്ലാതെ സത്യവാങ്മൂലം നല്‍കിയത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ രണ്ടാം പ്രതിയായ ജയരാജന്‍െറ ബന്ധു പി.കെ. സുധീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അന്വേഷണ നടപടി സ്റ്റേ ചെയ്ത ഉത്തരവ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നീട്ടി.
കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടറായി നിയമിച്ചതിലൂടെ അഴിമതി നിരോധനനിയമം ബാധകമാകുന്നവിധം ഹരജിക്കാരനായ സുധീറോ മറ്റ് ഏതെങ്കിലും പ്രതിയോ നേട്ടമുണ്ടാക്കിയിട്ടുണ്ടോയെന്നും എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്നുമുള്ള ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയിട്ടില്ളെന്ന് കോടതി വ്യക്തമാക്കി. വകുപ്പുമന്ത്രി എന്നനിലയില്‍ നടത്തിയ നിയമനത്തിന്‍െറ നിയമസാധുതയും യുക്തിയും അന്വേഷിക്കുന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. എന്നാല്‍, അമിതാധികാരം പ്രയോഗിച്ചുള്ള ഇത്തരം അന്വേഷണരീതികള്‍ അനുവദിക്കാനാകാത്തതാണ്. സര്‍ക്കാറിന്‍െറ നയപരമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കോടതികളും ട്രൈബ്യൂണലുകളുമാണ്.
ഇത് കണക്കിലെടുക്കുമ്പോള്‍ വിജിലന്‍സിന്‍െറ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ട സമയം അതിക്രമിച്ചതായും കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സുമായി ബന്ധപ്പെട്ട നിര്‍ദിഷ്ട മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുന്നതിന് ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേസ് വീണ്ടും മാര്‍ച്ച് 22ന് ചെന്നിത്തലയുടെ കേസിനൊപ്പം പരിഗണിക്കാന്‍ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.