'കരാറുകാരെ കൂട്ടി മന്ത്രിയെ കാണൽ' സി.പി.എമ്മിനകത്ത് വിവാദം ചൂടുപിടിക്കുന്നു
text_fieldsതിരുവനന്തപുരം: 'കരാറുകാരെ കൂട്ടി എം.എൽ.എമാർ കാണാൻ വരരുതെന്ന' മന്ത്രി മുഹമ്മദ് റിയാസിെൻറ പരാമർശത്തെച്ചൊല്ലി വിവാദം കനക്കുന്നു. മന്ത്രിയുടെ നിലപാട് സി.പി.എം പാർലമെൻറി പാർട്ടി യോഗത്തിൽ രൂക്ഷവിമർശനത്തിനിടയാക്കിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ നിലപാടിലുറച്ച് നിൽക്കുന്നുവെന്ന് വിശദീകരിച്ച്റിയാസ് രംഗത്തെത്തി. പ്രതിപക്ഷംപോലും പ്രശ്നമാക്കാതിരുന്ന പരാമർശങ്ങളാണ് പാര്ലമെൻററി പാര്ട്ടി യോഗത്തില് വിമര്ശിക്കപ്പെട്ടതെന്നതാണ് സി.പി.എമ്മിനും തലവേദനയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയെൻറ അസാന്നിധ്യത്തിൽ കഴിഞ്ഞദിവസം എ.കെ.ജി സെൻററിലായിരുന്നു പാർലമെൻററി പാർട്ടി യോഗം.
ഒക്ടോബർ ഏഴിന് നിയമസഭയിലെ ചോദ്യോത്തരവേളക്കിടെയാണ് 'കരാറുകാരെ കൂട്ടി എം.എൽ.എമാർ കാണാൻ വരരുതെന്ന്' റിയാസ് പറഞ്ഞത്. മന്ത്രിയുടെ പരാമർശം ജനപ്രതിനിധികളെപ്പറ്റി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നിയമസഭാ കക്ഷി യോഗത്തിൽ എം.എൽ.എമാർ രംഗത്തെത്തിയത്.
'എം.എൽ.എമാർക്ക് സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള് നോക്കണം, പ്രശ്നങ്ങള് പരിഹരിക്കണം. അതിന് മണ്ഡലത്തിലുള്ള പലരെയും കൂട്ടിവന്ന് മന്ത്രിയെ കാണേണ്ടിവരും. ആരെയൊക്കെ കൂട്ടിവരണമെന്ന് മന്ത്രിയല്ല തീരുമാനിക്കുന്നത്. ഇങ്ങനെ അഹങ്കാരത്തോടെ പറയുന്നത് ശരിയല്ല...' വിമർശനങ്ങൾ ഇങ്ങനെ നീണ്ടു. മന്ത്രിയുടെ പേര് പറയാതെയായിരുന്നു പരാമർശങ്ങളേറെയും. തുടര്ഭരണം കിട്ടിയ സാഹചര്യത്തില് എല്ലാവരും കൂടുതല് വിനയാന്വിതരാകണമെന്ന പാര്ട്ടി മാര്ഗരേഖ കൂടി ചില എം.എൽ.എമാർക്ക് ഓര്മിപ്പിച്ചു.
വിമർശനങ്ങളേറിയതോടെ സി.പിഎം പാർലമെൻററി പാർട്ടി സെക്രട്ടറി ടി.പി. രാമകൃഷ്ണൻ ഇടപെട്ടു. അഴിമതിക്കുള്ള സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടിയാവണം അങ്ങനെ പറഞ്ഞതെന്നുപറഞ്ഞ് അദ്ദേഹം രംഗം തണുപ്പിക്കാന് ശ്രമിച്ചു. റിയാസാകെട്ട മൗനംപാലിച്ചു.
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനമാകെ ഒരു യൂനിറ്റായി എടുത്തതിൽ വി. ശിവൻകുട്ടിക്ക് നേരെയും യോഗത്തിൽ വിമർശനമുയർന്നിരുന്നു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് പരിശോധിച്ചില്ലെന്ന് എം.എൽ.എമാർ കുറ്റപ്പെടുത്തി. പ്രതിസന്ധിയുള്ള ജില്ലകളിൽ കൂടുതൽ സീറ്റ് അനുവദിക്കണമെന്ന് ആവശ്യമുയർന്നു. പുതിയ അംഗങ്ങള് നിയമസഭയില് കാര്യങ്ങള് പഠിച്ച് പറയണമെന്ന് കെ. രാധാകൃഷ്ണന് യോഗത്തിൽ ആമുഖമായി പറഞ്ഞിരുന്നു. പിന്നാലെ, പരമാവധി കാര്യങ്ങള് പഠിച്ചാണ് സംസാരിക്കുന്നതെന്നും ചില മന്ത്രിമാരുടെ ഓഫിസില്നിന്ന് വേണ്ടത്ര വിവരങ്ങള് കിട്ടുന്നില്ലെന്നും എം.എൽ.എമാരിൽ നിന്ന് വിമർശനമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.