സി.പി.എം ബാന്ധവം; സമസ്തയിൽ ഭിന്നത രൂക്ഷം
text_fieldsകോഴിക്കോട്: സി.പി.എം ബാന്ധവത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ നേതൃത്വത്തിൽ ഭിന്നത രൂക്ഷമായി. സി.പി.എം കോഴിക്കോട് സംഘടിപ്പിച്ച ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ നദ്വിയുടെ പരസ്യവിമർശനത്തോടെ ഭിന്നത പുതിയതലത്തിലെത്തി. അടിയന്തര മുശാവറ യോഗം വിളിച്ച് വിഷയം ചർച്ചചെയ്യണമെന്ന അഭിപ്രായവും നേതൃത്വത്തിൽ ഒരു വിഭാഗത്തിനുണ്ട്.
സമസ്തയിലെ ഒരുവിഭാഗം ലീഗ് വിരുദ്ധ നിലപാട് കടുപ്പിക്കുകയും സി.പി.എമ്മിനോട് പരസ്യ ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്നതിൽ മുസ്ലിം ലീഗ് നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. വിഷയത്തിൽ ഗൗരവത്തിലുള്ള ചില ഇടപെടലുകൾ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ലീഗ് നേതൃത്വവും സൂചന നൽകുന്നു.
സമസ്ത നേതൃത്വത്തിന്റെ പുതിയ നിലപാടുകൾ ചില മഹല്ല് സംവിധാനങ്ങളിലും അസ്വാരസ്യമുണ്ടാക്കുന്നുണ്ട്. മുസ്ലിം ലീഗിന് സ്വാധീനമുള്ള ഇ.കെ വിഭാഗം മഹല്ലുകളിൽ ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരെ കടിഞ്ഞാണിടുന്ന സാഹചര്യമുണ്ട്. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി അംഗവും പാലക്കാട് ജില്ല ജന. സെക്രട്ടറിയുമായ സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴയെ കൊപ്പം മഹല്ല് ഖതീബ് സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസം ഒഴിവാക്കിയത് ലീഗ് വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണത്രെ. സമസ്ത നേതൃത്വത്തിലെ ഭിന്നത കൂടുതൽ മഹല്ലുകളിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ മുശാവറ ചേർന്ന് പുതിയ സംഭവ വികാസങ്ങൾ ചർച്ച ചെയ്യേണ്ടതാണെന്ന് മുതിർന്ന സമസ്ത നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
സുപ്രധാനവിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിന് അടിയന്തര മുശാവറ ചേരുകയാണ് സമസ്ത പരമ്പരാഗതമായി സ്വീകരിക്കുന്ന രീതി. എന്നാൽ, സി.പി.എം സെമിനാറിൽ സമസ്തക്ക് ക്ഷണമുണ്ടായ ശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ മുശാവറ വിളിച്ചിരുന്നില്ല. ജൂലൈ ഏഴിന് കോഴിക്കോട് സമസ്ത സെന്റിൽ ചേർന്ന പ്രത്യേക കൺവെൻഷനിൽ ജിഫ്രി തങ്ങളാണ് സി.പി.എമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ഭാരവാഹികളുമായി ചർച്ചചെയ്താണ് തീരുമാനമെന്നുമായിരുന്നു വിശദീകരണം.
സെമിനാറിൽ ആര് പങ്കെടുക്കണമെന്നതുസംബന്ധിച്ചും ഇത്തരത്തിലാണ് തീരുമാനമെടുത്തത്. ജിഫ്രി തങ്ങളുടെ പ്രഖ്യാപനത്തിനുശേഷം ബഹാഉദ്ദീൻ നദ് വിയും അബ്ദുസ്സമദ് പൂക്കോട്ടൂരും ഏക സിവൽ കോഡ് വിഷയത്തിൽ സി.പി.എമ്മിനെ ശക്തമായി വിമർശിച്ച് അതൃപ്തി പരസ്യമാക്കിയിരുന്നു. സെമിനാറിൽ പങ്കെടുത്ത സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസിയാകട്ടെ, വ്യക്തിനിയമ പരിഷ്കരണവുമായി ബന്ധപ്പെട്ട സമസ്ത നിലപാട് പറയുന്നതിന് പകരം സി.പി.എമ്മിനെ പ്രശംസിക്കാനാണ് വേദി ഉപയോഗിച്ചത്. വഖഫ് വിഷയത്തിലെന്നപോലെ ഏക സിവിൽ കോഡ് വിഷയവും സി.പി.എം വിധേയത്വം പ്രകടിപ്പിക്കാൻ വിനിയോഗിച്ചതിൽ ഒരുവിഭാഗം നേതാക്കൾക്കുള്ള അമർഷമാണ് പുറത്തുവരുന്നത്.
അതിനിടെ, സമസ്തയിലെ ഒരുവിഭാഗത്തിന്റെ ലീഗ് വിരുദ്ധ ചർച്ചകൾ, തങ്ങൾ കുടുംബത്തിന്റെ ‘ഖബീല’ (കുടുംബ പരമ്പര) ചികയുന്നതിലേക്കുവരെ എത്തിയ സാഹചര്യവും പാണക്കാട് കുടുംബത്തോട് അനാദരവ് പുലർത്തുന്ന സമീപനവും വെച്ചുപൊറുപ്പിക്കാനാകില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. സി.ഐ.സി വിഷയം അപരിഹാര്യമായി തുടരുന്നതിന് കാരണം ലീഗ് വിരുദ്ധ സമസ്ത നേതൃത്വത്തിന്റെ പിടിവാശിയാണെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. കഴിഞ്ഞദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലീഗിനെ പരോക്ഷമായി പരിഹസിക്കുന്ന ജിഫ്രി തങ്ങളുടെ നടപടിയും ലീഗ് നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
സമസ്ത തീരുമാനം മുശാവറയുടേതല്ല - ബഹാഉദ്ദീൻ നദ്വി
മലപ്പുറം: സി.പി.എം സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനം മുശാവറയുടേതല്ലെന്ന് മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ നദ്വി. മുശാവറ രണ്ടുമാസം മുമ്പ് യോഗം ചേർന്നതാണ്. അന്ന് ഏക സിവിൽ കോഡ് ചർച്ചയായിരുന്നില്ല. സമസ്ത ഭാരവാഹികൾ ചർച്ച ചെയ്തായിരിക്കും സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ടാവുക.
മുശാവറ യോഗം ചേർന്ന് തീരുമാനിക്കുന്നതാണ് സമസ്തയുടെ നിലപാട്. അല്ലാത്ത അഭിപ്രായങ്ങളെല്ലാം വ്യക്തിപരമാണ്. സി.പി.എം സെമിനാറിൽ പങ്കെടുത്ത സമസ്ത പ്രതിനിധിക്ക് അദ്ദേഹത്തെ നിയോഗിച്ചവർ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിച്ചോ എന്ന് അറിയില്ല.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് മുസ്ലിംകൾക്ക് ഒരുനിലക്കും യോജിച്ചു പോകാനാവില്ല. ചരിത്രത്തിൽ മുസ്ലിംകളോട് വഞ്ചന കാട്ടിയവരാണ് അവർ. ഏക സിവിൽകോഡിനെ കുറിച്ച് അഭിപ്രായം പറയാൻ പറ്റുന്നിടത്തെല്ലാം പറയണമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഡോ. ബഹാഉദ്ദീൻ നദ്വി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.