സർവകലാശാലകളിലെ ബന്ധു, രാഷ്ട്രീയ നിയമനം ആയുധം 2018ലെ യു.ജി.സി ചട്ടം
text_fieldsതിരുവനന്തപുരം: അക്കാദമിക മികവിൽ മുന്നിൽ നിൽക്കുന്നവരെ ഒന്നടങ്കം മറികടന്ന് രാഷ്ട്രീയ പിൻബലത്തിൽ ചുരുങ്ങിയ യോഗ്യതയുള്ളവരെ സർവകലാശാല അധ്യാപക തസ്തികകളിൽ നിയമിക്കാൻ വഴിയൊരുക്കിയത് 2018ൽ പരിഷ്കരിച്ച യു.ജി.സി റെഗുലേഷൻ. കേന്ദ്രസർവകലാശാലകളിലെ നൂറുകണക്കിന് ഒഴിവുകളിൽ സ്വന്തക്കാർക്ക് നിയമനം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ യു.ജി.സി റെഗുലേഷൻ പരിഷ്കരിച്ചതെന്ന ആരോപണം അന്നുതന്നെ ഉയർന്നിരുന്നു.
കേന്ദ്രസർവകലാശാലകളെ ലക്ഷ്യമിട്ട് ബി.ജെ.പി താൽപര്യത്തിൽ കൊണ്ടുവന്ന പരിഷ്കരണം കേരളത്തിൽ വ്യാപകമായി ദുരുപയോഗം ചെയ്തത് സി.പി.എം നേതാക്കളുടെയും പാർട്ടി ബന്ധുക്കളുടെയും നിയമനത്തിനുവേണ്ടിയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയാ വർഗീസിനെ ഉയർന്ന അക്കാദമിക യോഗ്യതയുള്ളവരെ ഒന്നടങ്കം മറികടന്ന് ഒന്നാം റാങ്ക് നൽകുന്നതിൽ എത്തിച്ചതും 2018ലെ യു.ജി.സി റെഗുലേഷൻ ആയുധമാക്കിയാണ്. കാലടി സർവകലാശാല മലയാളം വിഭാഗത്തിൽ സ്പീക്കർ എം.ബി. രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിനും ഇതേ റെഗുലേഷൻ തുണയായി. അപേക്ഷകരെ യോഗ്യതയുടെയും അക്കാദമിക മികവിന്‍റെയും അടിസ്ഥാനത്തിൽ സ്ക്രീനിങ് നടത്തി നിശ്ചിത എണ്ണം ആളുകളെ മാത്രം ഇന്‍റർവ്യൂവിന് ക്ഷണിക്കുന്നതാണ് 2018ലെ റെഗുലേഷനിലൂടെ വന്ന മാറ്റം.
സ്ക്രീനിങ്ങിനു ശേഷം അക്കാദമിക മികവ് പരിഗണിക്കാതെ പൂർണമായും ഇന്‍റർവ്യൂ അടിസ്ഥാനപ്പെടുത്തി ഉദ്യോഗാർഥികളെ റാങ്ക് ചെയ്യാൻ വഴിതുറക്കുന്നതാണ് പുതിയ രീതി. ഇതോടെ സ്ക്രീനിങ്ങിലൂടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഏറ്റവും കുറഞ്ഞ സ്കോർ ലഭിച്ചവർക്കും ഇന്‍റർവ്യൂ ബലത്തിൽ ഉയർന്ന അക്കാദമിക് സ്കോർ ഉള്ളവരെ മറികടന്ന് നിയമനം തരപ്പെടുത്താനുള്ള വഴിയൊരുങ്ങുകയായിരുന്നു. ഇന്‍റർവ്യൂവിൽ ഗവേഷണവും പ്രസിദ്ധീകരണവും അധ്യാപന മികവും ഭാഷാ പ്രാവീണ്യവും, അനുബന്ധ വിഷയങ്ങളിലെ അറിവും ഉൾപ്പെടെ പരിഗണിച്ചാണ് മാർക്ക് നൽകേണ്ടതെങ്കിലും രാഷ്ട്രീയ താൽപര്യത്തിനനുസൃതമായി വൈസ് ചാൻസലർ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി പ്രവർത്തിച്ചാൽ കുറഞ്ഞ യോഗ്യതയുള്ളവർക്ക് പോലും ഉന്നത അക്കാദമിക മികവുള്ളവരെ മറികടക്കാൻ കഴിയും. ഇതാണ് പ്രിയാ വർഗീസിന്‍റെ നിയമനത്തിലും നടന്നത്. നേരത്തേയുണ്ടായിരുന്ന റെഗുലേഷൻ പ്രകാരം ആകെയുള്ള 100 മാർക്കിൽ 75 മാർക്കും ഉദ്യോഗാർഥിയുടെ അക്കാദമിക മികവിനാണ് നൽകിയിരുന്നത്.
ഇന്‍റർവ്യൂവിന് പരമാവധി നൽകിയിരുന്നത് 25 മാർക്കാണ്. ഇതുവഴി കുറഞ്ഞ അക്കാദമിക യോഗ്യതയുള്ളവർക്ക് ഇന്‍റർവ്യൂവിലൂടെ മാത്രം ഉയർന്ന യോഗ്യതയുള്ളവരെ മറികടക്കാൻ സാധിച്ചിരുന്നില്ല. അക്കാദമിക് സ്കോർ ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കാൻ മാത്രമേ പരിഗണിക്കാവൂ എന്നും, സെലക്ഷൻ ഇന്‍റർവ്യൂവിലെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കണമെന്നും 2018ലെ റെഗുലേഷൻ നിർദേശിക്കുന്നു.
ഗവർണർക്കെതിരെ വി.സി: അച്ചടക്കലംഘനം -ചെന്നിത്തല
തിരുവനന്തപുരം: സർവകലാശാല ചാൻസലർ കൂടിയായ ഗവർണർക്കെതിരെ കണ്ണൂർ വൈസ് ചാൻസലർ കോടതിയെ സമീപിക്കുന്നത് ഗുരുതര അച്ചടക്കലംഘനവും നിയമവിരുദ്ധവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചാൻസലറുടെ ഉത്തരവിനെതിരെ സർവകലാശാലയുടെ ഏത് ചട്ടപ്രകാരമാണ് വി.സി കോടതിയെ സമീപിക്കുന്നതെന്ന് വ്യക്തമാക്കണം. ഇതിന് സർവകലാശാലയുടെ ഒരുചട്ടവും അനുവദിക്കുന്നില്ലെന്ന് മാത്രമല്ല ഇത് അനുചിതമായ നിലപാടുമാണ്. സമാനമായ മറ്റൊരു സംഭവത്തിൽ കലാമണ്ഡലം വി.സി ചാൻസലർക്കെതിരെ കോടതിയെ സമീപിച്ചപ്പോൾ സർക്കാർ ഇടപെട്ട് തടഞ്ഞിരുന്നു. ഇതേ സാഹചര്യമാണിപ്പോഴത്തേതും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമന കാര്യമായതുകൊണ്ടാണ് സർക്കാർ ഇക്കാര്യത്തിൽ കണ്ണടക്കാൻ ശ്രമിക്കുന്നത്. ഇത് സർവകലാശാലകളുടെ വിശ്വാസ്യതയെയും ഭരണസംവിധാനത്തെയും തകർക്കുമെന്നും ചെന്നിത്തല വാർത്തകുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.