ഗർഭപാത്രം തകർന്ന് കുഞ്ഞ് മരിച്ചു; യുവതി അതി ഗുരുതരാവസ്ഥയിൽ -ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ
text_fieldsകോഴിക്കോട്: എകരൂരിൽ ചികിത്സാ പിഴവ് മൂലം ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. എകരൂൽ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെയും അശ്വതിയുടെയും കുഞ്ഞാണ് വ്യാഴാഴ്ച പുലർച്ചെ മരിച്ചത്. അശ്വതി ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ വേദന വരാനായി ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവെച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. തുടർന്ന് സിസേറിയൻ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും പറഞ്ഞു. എന്നാൽ സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ സ്ട്രെച്ചറിൽ ഓപറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. അതിനു ശേഷം ഗർഭപാത്രം തകർന്ന് കുട്ടി മരിച്ചുവെന്നും ഗർഭ പാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
ബന്ധുക്കളുടെ അനുമതിയോടെ അശ്വതിയുടെ ഗർഭപാത്രം നീക്കം ചെയ്തു. ആരോഗ്യസ്ഥിതി കൂടുതൽ മോശമായതിനെത്തുടർന്ന് അശ്വതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കൾ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിനെ നഷ്ടപ്പെടാനും യുവതി ഗുരുതരാവസ്ഥയിലാകാനും കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് അത്തോളി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. 35കാരിയായ അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്. കുഞ്ഞിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.