ദിലീപിൻെറ ഫോണുകൾ സർവീസ് ചെയ്തിരുന്നയാളുടെ മരണം: പുനഃരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ
text_fieldsഅങ്കമാലി: നടൻ ദിലീപിൻ്റെ ഫോണുകൾ സർവീസ് ചെയ്തിരുന്ന സർവീസ് സെൻറർ ഉടമയുടെ മരണത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. സെൻറർ ഉടമ കൊടകര കോടാലി സ്വദേശി സലീഷിൻ്റെ അപകട മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ശിവദാസ് ഇന്ന് അങ്കമാലി സി.ഐക്ക് പരാതി നൽകി.
ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലും കൂടുതൽ വെളിപ്പെടുത്തലുകൾ വന്ന സാഹചര്യത്തിലാണ് പുനഃരന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്.
എറണാകുളം പെൻറാ മേനകയിലെ സർവീസ് സെൻറർ ഉടമയായിരുന്നു സലീഷ്.
2020 ആഗസ്റ്റ് 30ന് അങ്കമാലി ടെൽക് മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം. കോടാലിയിൽ നിന്നും കാക്കനാട്ടെ ഫ്ളാറ്റിലേക്ക് പോകും വഴിയായിരുന്നു ഇത്. സലീഷ് ഓടിച്ചിരുന്ന കാർ റോഡിന് സമീപത്തെ ഇരുമ്പ് കൈവരിയിലിടിക്കുകയായിരുന്നു. കാറിൽ സലീഷ് മാത്രമാണുണ്ടായിരുന്നത്. അപകടത്തിൽ സലീഷ് തത്ക്ഷണം മരിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെയടക്കം ആറു ഫോണുകള്‍ ഇന്ന് ഹൈകോടതിയിലെത്തിച്ചു. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകൾ, സഹോദരൻ അനൂപിന്‍റെ കൈവശമുള്ള രണ്ട് ഫോണുകൾ, മറ്റൊരു ബന്ധുവിന്‍റെ കൈവശമുള്ള ഒരു ഫോൺ എന്നിവയാണ് ഹൈകോടതിയിലെത്തിച്ചത്. ദിലീപ് സ്വന്തം നിലക്ക് സ്വകാര്യ ഫോറൻസിക് പരിശോധനക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകൾ ഇന്നലെ രാത്രിയിൽ കൊച്ചിയിൽ തിരിച്ചെത്തിച്ചിരുന്നു.
ഈ മൊബൈലുകള്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ ഏതു ഏജന്‍സിക്കു നല്‍കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ കോടതി ഇന്നു വ്യക്തത വരുത്തും. ഫോണ്‍ വിളികള്‍, എസ്.എം.എസ്, ചാറ്റിങ്, വിഡിയോ, ചിത്രങ്ങള്‍, കോള്റെക്കോഡിങ് എന്നിവ വിധേയമാക്കിയേക്കും. അതേസമയം, കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ദിലീപിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.