അർച്ചനയുടെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം; ഒടുവിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
text_fieldsവിഴിഞ്ഞം: പയറ്റുവിളയിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ അർച്ചനയുടെ മൃതദേഹവുമായി ബന്ധുക്കൾ റോഡിൽ പ്രതിഷേധിച്ചു. ഭർത്താവ് സുരേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചതിനെത്തുടർന്നായിരുന്നു പ്രതിഷേധം. ഇതിനെത്തുടർന്ന് സുരേഷിനെ വിഴിഞ്ഞം പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. വെങ്ങാനൂർ ചിറത്തല വിളാകത്ത് അർച്ചനയിൽ അശോകൻ-മോളി ദമ്പതികളുടെ ഏക മകൾ അർച്ചനയെ (24) ചൊവ്വാഴ്ച രാത്രി 11.30ഒാടെ പയറ്റുവിളയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിഴിഞ്ഞം-തിരുവനന്തപുരം റോഡിൽ മൃതദേഹവുമായാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് റോഡിന് കുറുകെ ഇട്ടായിരുന്നു ഉപരോധം. തുടര്ന്ന് കോവളം എം.എൽ.എ എം.വിൻസന്റ് അടക്കമുള്ളവര് സ്ഥലത്തെത്തി പ്രതിഷേധക്കാരോടും പൊലീസിനോടും സംസാരിച്ചു. ഇതിനെത്തുടർന്നായിരുന്നു പൊലീസ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്.
നിലവിളി കേട്ട് മുകളിലത്തെ നിലയിൽ വാടകക്ക് താമസിക്കുന്ന കുടുംബം വാതിൽ തുറന്ന് നോക്കുമ്പോൾ ശരീരത്തിൽ തീ പടർന്നനിലയിലായിരുന്നു അർച്ചന. ഇവരുടെ ബഹളം കേട്ട് സമീപത്തുള്ളവർകൂടി എത്തി തീകെടുത്തി വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അർച്ചനയും ഭർത്താവ് സുരേഷും തമ്മിൽ ഇടക്കിടെ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് ഇരുവരും അർച്ചനയുടെ കുടുംബവീട്ടിൽ പോയിരുന്നു. ഈ സമയം സുരേഷിെൻറ കൈവശം കുപ്പിയിൽ ഡീസൽ ഉണ്ടായിരുന്നതായി അർച്ചനയുടെ പിതാവ് അശോകൻ പറഞ്ഞു. വീട്ടിൽ ഉറുമ്പ് ശല്യമുണ്ടെന്നും അതിനെ നശിപ്പിക്കാനാണ് ഡീസൽ വാങ്ങിയതെന്നും സുരേഷ് പറഞ്ഞത്രെ. അർച്ചനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാവ് മോളി ആരോപിച്ചതോടെയാണ് ഭർത്താവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവസമയം സുഹൃത്തിെൻറ വീട്ടിലായിരുന്നെന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്. ഇത് ശരിവെക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.