കോവിഡ് യഥാർഥ കണക്ക് പുറത്തു വിടണം, മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ നൽകണം- രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർഥ കണക്ക് പുറത്തു വിടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ നഷ്ട പരിഹാരമായി നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി ആവശ്യം ഉന്നയിച്ചത്.
ഇവിടെ ഒരു സർക്കാർ ഉണ്ടെങ്കിൽ ജനങ്ങളുടെ ദുരിതങ്ങൾ മാറ്റണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി ബി.ജെ.പി ഉയർത്തിക്കാട്ടുന്ന ഗുജറാത്ത് മോഡലിനെ വിമർശിച്ചു കൊണ്ടുള്ള വീഡിയോയും രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ചു.
'ആശുപത്രികളിൽ ജനങ്ങളെ സഹായിക്കേണ്ട സമയത്ത് നിങ്ങൾ അവിടെ എത്തിയില്ല. ആശുപത്രികളിൽ പത്തും പതിനഞ്ചും ലക്ഷം രൂപയും കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടപ്പോഴും നിങ്ങൾ അവിെട എത്തിയില്ല, നഷ്ടപരിഹാരം നൽകിയില്ല. എന്ത് തരം സർക്കാറാണിത്? 'രാഹുൽ ഗാന്ധി ആരാഞ്ഞു.
അതേസമയം, കോവിഡ് രോഗികൾക്ക് വേണ്ടി സർക്കാറിന് സാധ്യമായതെല്ലാം ചെയ്തുവെന്ന് ബി.ജെ.പി വക്താവ് ടോം വടക്കൻ പറഞ്ഞു. സംസ്ഥാന സർക്കാറായാലും കേന്ദ്ര സർക്കാറായാലും കോവിഡ് രോഗികൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റേത് സർക്കാറിന് ചെയ്യാൻ കഴിയുന്നതിലും കൂടുതൽ കേന്ദ്ര സർക്കാർ ചെയ്തിട്ടുണ്ടെന്നും ടോം വടക്കൻ പ്രതികരിച്ചു. കർഷക പ്രക്ഷോഭത്തിനെ കുറിച്ചുള്ള കോൺഗ്രസിന്‍റെ കഥകൾ കഴിഞ്ഞു, ജനങ്ങളെ ആകർഷിക്കാനാണ് രാഹുലിന്‍റെ ഈ പ്രസ്താവനയെന്നും ടോം വടക്കൻ കൂട്ടി ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.