ഗിനിയിൽ തടവിലായ മലയാളികളുടെ മോചനം; സഹായ വാഗ്ദാനവുമായി മന്ത്രി
text_fieldsകടയ്ക്കൽ: സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന തടവിലാക്കിയ 26 അംഗ സംഘത്തിൽ ഉൾപ്പെട്ട വിജിത്തിന്റെ വസതി മന്ത്രി ജെ. ചിഞ്ചുറാണി സന്ദർശിച്ചു.
സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനാണ് നിലമേൽ എൻ.കെ.പി ഹൗസിൽ വിജിത്ത്. വിജിത്ത് ഉൾപ്പെടെ മൂന്ന് മലയാളികളാണ് സംഘത്തിലുള്ളത്. മാതാപിതാക്കളെ ആശ്വസിപ്പിച്ച മന്ത്രി, വിജിത്തിന്റെ മോചനത്തിനായി സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് പിതാവ് വിക്രമൻ നായർക്ക് ഉറപ്പുനൽകി. അറസ്റ്റ് നടന്നിട്ട് ഇപ്പോൾ മൂന്നുമാസമായി. തുടർന്ന് വിശദ അന്വേഷണം നടന്നുവരികയായിരുന്നു.
നൈജീരിയൻ നാവികസേനയുടെ നിർദേശപ്രകാരമാണ് കപ്പൽ ഗിനി നാവികസേന തടഞ്ഞുവെച്ചത്. എല്ലാവരെയും നൈജീരിയക്ക് കൈമാറാനാണ് നീക്കം. നോർവേ ആസ്ഥാനമായ എം.ടി ഹീറോയിക് ഐഡം എന്ന കപ്പൽ ആഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ.കെ.പി.ഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറക്കാനെത്തിയത്. മോഷണത്തിന് വന്ന കപ്പൽ എന്ന് സംശയിച്ചാണ് കസ്റ്റഡിയിലെടുത്തത്.കമ്പനി 20 ലക്ഷം ഡോളർ പിഴ അടച്ചെങ്കിലും മോചനത്തിന് വഴി തെളിഞ്ഞില്ല. തുടർന്ന് ശനിയാഴ്ച നൈജീരിയൻ നേവി കപ്പൽ ജീവനക്കാരെ കൈമാറണമെന്ന് ആവശ്യപ്പെട്ടു. നൈജീരിയയിലേക്ക് കൊണ്ടുപോകരുതെന്നാണ് കപ്പൽ ജീവനക്കാരുടെ ആവശ്യം.
'ഞങ്ങൾ സുരക്ഷിതരാണ് നൈജീരിയക്ക് കപ്പൽ കൈമാറും എന്ന് പറയുന്നു. സർക്കാറുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കണം. ഗിനിയയുടെ തലസ്ഥാനമായ മലാബോയിലാണ് ഞങ്ങൾ ഇപ്പോളുള്ളത്' -പിതാവിന് വിജിത്ത് അയച്ച സന്ദേശത്തിൽ പറയുന്നു. അഞ്ചുമാസം മുമ്പാണ് നാവിഗേറ്റിങ് ഓഫിസറായ വിജിത്ത് നാട്ടിൽ എത്തി മടങ്ങിയത്. 26 ജീവനക്കാരിൽ 16 പേർ ഇന്ത്യക്കാരും ഒരു പോളണ്ട് സ്വദേശിയും ഒരു ഫിലിപ്പൈൻ സ്വദേശിയും എട്ട് ശ്രീലങ്കൻ സ്വദേശികളുമാണ്.
സനു ജോസഫ്, കൊച്ചി സ്വദേശി മിൽട്ടൺ എന്നിവരാണ് മറ്റ് മലയാളികൾ. ഇന്ത്യക്കാരനായ ധനുഷ് മേത്തയാണ് കപ്പലിന്റെ ക്യാപ്റ്റൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.