തീർത്ഥാടകർക്ക് ആശ്വാസം; ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയം
text_fieldsപത്തനംതിട്ട: അനിയന്ത്രിതമായ തിരക്കുമൂലം ശബരിമലയിൽ ദിവസങ്ങളായി തുടരുന്ന ദുരിതത്തിൽ ഏറെ കുറേ ശമനമായി. ബുധനാഴ്ച സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമാണ്. നിലക്കലിലും സ്ഥിതി സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രത്യേക അവലോകന യോഗംചേർന്നിരുന്നു. ജനതിരക്കേറിയ സാഹചര്യത്തിൽ കൂടുതൽ ഏകോപിത സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസും കാര്യക്ഷമമായി പ്രവർത്തിച്ചതോടെ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് അധികനേരം കാത്തുനിൽക്കാതെ തന്നെ ഭക്തർക്ക് ദർശനം പൂർത്തിയാക്കി മടങ്ങാൻ കഴിയുന്നുണ്ട്.
ശബരിമലയിൽ ഈ മാസം 14 മുതൽ 27 വരെയുള്ള വെർച്ചൽ ക്യൂ ബുക്കിങ് പൂർത്തിയായിട്ടുണ്ട്. ഒരു മണിക്കൂറിൽ ശരാശരി 3800 മുതൽ 4000 പേരെ പതിനെട്ടാം പടിയിലൂടെ കടത്തിവിടാനാണ് പൊലീസിന്റെ തീരുമാനം. വിർച്ച്വൽ ക്യൂ ബുക്കിങ്ങ് 80000 ആക്കി നിജപ്പെടുത്തിയതിലൂടെ ശബരിമലയിലെ തിരക്ക് കൂടുതൽ നിയന്ത്രണ വിധേയമായി. ദിനം പ്രതി ഒരു ലക്ഷത്തോളം ഭക്തർ സന്നിധാനത്ത് എത്തിയപ്പോഴാണ് തിരക്ക് അനിയന്ത്രിതമായത്.
നിലക്കലിലും സ്ഥിതി നിയന്ത്രണ വിധേയമാണ്. എരുമേലിയിലും ഇലവുങ്കൽ അടക്കമുള്ള പ്രദേസങ്ങളിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പൂർണമായും ഒഴിവാക്കി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.