ദുരിതാശ്വാസനിധി: പണം തട്ടിയത് മാർഗനിർദേശങ്ങൾ കാറ്റിൽപറത്തി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായം തട്ടിയത് മാർഗനിർദേശങ്ങളും സർക്കുലറും കാറ്റിൽപറത്തിയെന്ന് തെളിഞ്ഞു. വിജിലൻസ് നടത്തിയ ‘ഓപറേഷൻ സി.എം.ഡി.ആർ.എഫ്’ മിന്നൽ പരിശോധനയുമായി ബന്ധപ്പെട്ട് രേഖകളുടെ വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങളും ഇതു സംബന്ധിച്ച റവന്യൂ വകുപ്പിന്റെ സർക്കുലറും അപ്പാടെ ലംഘിക്കപ്പെട്ടെന്നാണ് കണ്ടെത്തൽ.
ഡോക്ടർമാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിൽ വ്യാപകമായ ക്രമക്കേടുണ്ട്. മുമ്പ് ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് ജൂണിൽ ആരോഗ്യവകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഡോക്ടർമാർക്ക് കർശനനിർദേശം നൽകണമെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമാണ് ആരോഗ്യ വകുപ്പ് മാർഗനിർദേശം നൽകിയത്. ഇത് ഉദ്യോഗസ്ഥരുടെ അറിവിലേക്കായി റവന്യൂ വകുപ്പ് സർക്കുലറായി പുറത്തിറക്കുകയും ചെയ്തു.
ചികിത്സിക്കുന്ന ഡോക്ടർ തന്നെയാകണം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നായിരുന്നു ഇതിലെ പ്രധാന നിർദേശം. ചികിത്സക്ക് ചെലവഴിച്ച തുകയും തുടർചികിത്സക്കാവശ്യമായ തുകയും വ്യക്തമായ പരിശോധനക്കുശേഷമാണ് രേഖപ്പെടുത്തേണ്ടത്. ഓരോ ചികിത്സ വിഭാഗത്തിൽ ഉൾപ്പെടുന്ന ഡോക്ടർമാരും അവരുടെ ചികിത്സ വിഭാഗവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. തന്റെ ചികിത്സയിലിരിക്കുന്ന രോഗികൾക്കല്ലാതെ മറ്റാർക്കെങ്കിലും സർട്ടിഫിക്കറ്റ് നൽകേണ്ട സാഹചര്യം വരുമ്പോൾ ചികിത്സ രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം മാത്രമേ നൽകാവൂ.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 5000 രൂപക്കു മുകളിൽ ചികിത്സചെലവായി രേഖപ്പെടുത്തുന്ന ഘട്ടത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റിനോടൊപ്പം ചികിത്സ രേഖകൾ കൂടി ഉൾപ്പെടുത്തണം. അപേക്ഷകൾക്കൊപ്പമുള്ള സർട്ടിഫിക്കറ്റിൽ ഇക്കാര്യങ്ങൾ കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർമാർ എന്നിവർ ഉറപ്പാക്കണമെന്നും സർക്കുലറിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.