ദുരിതാശ്വാസനിധി തട്ടിപ്പ്: റവന്യൂ ഉദ്യോഗസ്ഥരെയും ഡോക്ടർമാരെയും പ്രതിയാക്കും
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പുമായി ബന്ധപ്പെട്ട കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ റവന്യൂ ഉദ്യോഗസ്ഥരെയും ഡോക്ടർമാരെയുമുൾപ്പെടെ വിജിലൻസ് പ്രതി ചേർക്കും. ‘ഓപറേഷൻ സി.എം.ഡി.ആർ.എഫി’ലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഏഴ് കേസ് രജിസ്റ്റർ ചെയ്യാനും 15 തട്ടിപ്പുകളിൽ പ്രാഥമികാന്വേഷണം നടത്താനും യൂനിറ്റുകൾക്ക് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നിർദേശം നൽകി. വിശദാംശങ്ങൾ പരിശോധിച്ച് ആനുകൂല്യങ്ങൾ ലഭിച്ചവർ നിരപരാധികളാണെങ്കിൽ മാപ്പുസാക്ഷികളാക്കും.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. തിരുവനന്തപുരത്ത് മാത്രം മൂന്ന് കേസ് രജിസ്റ്റർ ചെയ്യും. ക്രമക്കേട് കണ്ടെത്തിയ 16 അപേക്ഷകളുമായി ബന്ധപ്പെട്ടാണ് ഒരു കേസ്. സ്ഥലം എം.പിയുടെ കത്ത് ഉപയോഗിച്ചാണ് അഞ്ചുതെങ്ങിൽ ഈ തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.
കൊല്ലത്ത് ഒരേ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കുടുംബത്തിലെ എല്ലാവർക്കും സഹായം ലഭിച്ച സംഭവത്തിലും കേസെടുക്കും. ഒരു ഡോക്ടർ നിരവധിപേർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതായി കണ്ടെത്തിയതിൽ ഡോക്ടറെ ഉൾപ്പെടെ പ്രതി ചേർക്കും.
ഒരാൾക്ക് ഒരേ രോഗത്തിന് രണ്ട് ജില്ലകളിൽനിന്ന് സഹായം ലഭ്യമാക്കിയ സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്യും. വില്ലേജ് ഓഫിസ് മുതൽ കലക്ടറേറ്റ് തലം വരെയുള്ള ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് വിലയിരുത്തൽ. കേസെടുത്ത് അന്വേഷിക്കുന്ന ഏഴ് കേസുകൾക്കു പുറമെ, ക്രമക്കേട് സംശയിക്കുന്ന മറ്റ് 15 കേസിലും വിശദ അന്വേഷണത്തിനാണ് വിജിലൻസ് മേധാവിയുടെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.