മതം, രാഷ്ട്രീയം: വിധിയില്‍ കൃത്യത വരുത്തണമെന്ന് സി.പി.എം
text_fieldsന്യൂഡല്‍ഹി: മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ സാമൂഹികവശം ചര്‍ച്ചയാകുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ പിന്നാക്ക, ദുര്‍ബല വിഭാഗങ്ങള്‍ നേരിടുന്ന സാമൂഹിക വിവേചനവും മറ്റ് പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് വേളയില്‍ ഉന്നയിക്കാനാവില്ല. മതത്തിന്‍െറ പേരില്‍ വോട്ടു ചോദിക്കുന്നത് ദുഷിച്ച രീതിയാണെന്നും ജാതി, വംശം, വര്‍ണം, ഭാഷ എന്നിവയുടെ പേരില്‍ വോട്ടു ചോദിച്ചാല്‍ സ്ഥാനാര്‍ഥിയുടെ ജയം റദ്ദാക്കാമെന്നുമാണ് തിങ്കളാഴ്ച സുപ്രീംകോടതി വിധിച്ചത്.
സുപ്രീംകോടതി വിധിയില്‍ ഇതിനെക്കുറിച്ച് കൃത്യത വരുത്തേണ്ടതുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പൂര്‍ണമായും മതേതര പ്രവര്‍ത്തനമായിരിക്കണമെന്ന കോടതി വിധി സ്വാഗതം ചെയ്യുന്നു. എന്നാല്‍, സാമൂഹിക വിവേചനവും നീതിനിഷേധവും ഉന്നയിക്കുന്നതും വോട്ടിനായും എതിരാളിയെ തോല്‍പിക്കാനും മാത്രമായി ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുന്നതും തമ്മിലെ വ്യത്യാസം കൃത്യമായി നിര്‍വചിക്കേണ്ടത് അനിവാര്യമാണ്. സാമൂഹിക വിവേചനവും നീതിനിഷേധവും വോട്ടര്‍മാരുടെ മുന്നില്‍ ഉന്നയിക്കുന്നതും വോട്ട് നേട്ടത്തിനായി മാത്രം അത്തരം കാര്യങ്ങള്‍ പറയുന്നതും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ നേതൃത്വത്തിലെ ഏഴംഗ ബെഞ്ച് ഭൂരിപക്ഷാടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിച്ചത്. മൂന്ന് ജഡ്ജിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഇവര്‍ മുന്നോട്ടുവെച്ച ആശങ്കയാണ് സി.പി.എം ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.