മതംമാറ്റം സ്കൂൾ സർട്ടിഫിക്കറ്റിലും രേഖപ്പെടുത്തി നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: മതംമാറിയ സഹോദരങ്ങൾക്ക് അവരുടെ വിദ്യാഭ്യാസ രേഖകളിലും തിരുത്തൽ വരുത്തി നൽകാൻ ഉത്തരവിട്ട് ഹൈകോടതി. ഹിന്ദു മാതാപിതാക്കൾക്ക് ജനിച്ച് പിന്നീട് ക്രിസ്തുമതം സ്വീകരിച്ച ഏലൂർ മഞ്ഞുമ്മൽ സ്വദേശികളായ എസ്. ലോഹിത്, ലോജിത് എന്നിവർ നൽകിയ ഹരജികളിലാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്.
സ്കൂൾ സർട്ടിഫിക്കറ്റിൽ പേരും മതവും മാറ്റാൻ അപേക്ഷ നൽകിയെങ്കിലും പേര് മാത്രം മാറ്റി മതംമാറ്റി രേഖപ്പെടുത്താനുള്ള ആവശ്യം നിരസിച്ച പരീക്ഷ കമീഷണറുടെ നടപടി ചോദ്യം ചെയ്തായിരുന്നു ഹരജി. ഒരുമാസത്തിനകം സ്കൂൾ രേഖകളിൽ മതംമാറ്റം രേഖപ്പെടുത്തി നൽകാൻ കോടതി നിർദേശിച്ചു.
ഹിന്ദു മാതാപിതാക്കൾക്ക് ജനിച്ച ഹരജിക്കാർ 2017 മേയ് മുതലാണ് ക്രിസ്തുമതം സ്വീകരിച്ചത്. പിന്നീട് സ്കൂൾ സർട്ടിഫിക്കറ്റിൽ മതം മാറ്റം വരുത്താനായി സർക്കാർ ഗസറ്റിൽ വിജ്ഞാപനം നൽകി. തുടർന്നാണ് സ്കൂൾ സർട്ടിഫിക്കറ്റിൽ പേരും മതവും മാറ്റാൻ അപേക്ഷ നൽകിയത്. എന്നാൽ, മതം മാറ്റാനുള്ള അപേക്ഷ പരീക്ഷ കമീഷണർ തള്ളി. സ്കൂൾ സർട്ടിഫിക്കറ്റിൽ മതംമാറ്റി രേപ്പെടുത്താനുള്ള വ്യവസ്ഥയില്ലെന്ന് സൂചിപ്പിച്ചാണ് അപേക്ഷ നിരസിച്ചത്.
എന്നാൽ, വ്യവസ്ഥയില്ലെന്നതിന്‍റെ പേരിൽ ഒരാളെ ജനിച്ച മതത്തിൽതന്നെ തളച്ചിടുന്നതിന് കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും ഉറപ്പു നൽകുന്നുണ്ട്. ഒരാൾ മറ്റൊരു മതം സ്വീകരിക്കുന്നതിലൂടെ ആ സ്വാതന്ത്ര്യം അനുഭവിക്കാൻ തയാറായാൽ ബന്ധപ്പെട്ട രേഖകളിലും അതിനനുസൃതമായ തിരുത്തൽ വരുത്തി നൽകണം. ഇത്തരം കടുത്ത നിലപാടുകൾ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് കോടതി പരീക്ഷ കമീഷണറുടെ ഉത്തരവ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.