വൈദികന്റെ കുറ്റവിചാരണക്ക് താമരശ്ശേരി രൂപതയിൽ മതകോടതി; ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്തതെന്ന് വൈദികൻ
text_fieldsതാമരശ്ശേരി: താമരശ്ശേരി രൂപതയിൽ കുറ്റവിചാരണ കോടതി സ്ഥാപിച്ച് രൂപതാധ്യക്ഷൻ ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ ഉത്തരവിറക്കി. താമരശ്ശേരി രൂപതാംഗമായ ഫാ. അജി പുതിയാപറമ്പിലിനെ കുറ്റവിചാരണ ചെയ്യാനാണ് കോടതി സ്ഥാപിച്ചത്. ദീപിക ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് ആണ് കുറ്റവിചാരണ കോടതിയുടെ അധ്യക്ഷൻ. ഫാ. ജയിംസ് കല്ലിങ്കൽ, ഫാ. ആന്റണി വരകിൽ എന്നിവരാണ് സഹജഡ്ജിമാർ.
ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സീറോ മലബാർ ബിഷപ്സ് സിനഡിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായ നിലപാടെടുത്തു, നൂറാംതോട് ഇടവകയിൽ ചുമതല ഏറ്റെടുത്തില്ല തുടങ്ങിയവയാണ് വൈദികനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങൾ. സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരുന്ന ഒളിവിൽപോയി എന്ന കുറ്റം പുതിയ കുറ്റപത്രത്തിൽ ഒഴിവാക്കിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കുറ്റവിചാരണ കോടതി സ്ഥാപിച്ചതെന്നും നിലവിൽ ഫാ. അജി പുതിയാപറമ്പിലിന് നൽകിയിരുന്ന സസ്പെൻഷൻ റദ്ദാക്കിയതായും ഉത്തരവിൽ പറയുന്നു.
സംഭവത്തിൽ പ്രതികരണവുമായി അജി പുതിയാപറമ്പിൽ രംഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്തതാണ് മത കോടതിയെന്നും സഭയിലെ അഴിമതി, ജീർണത എന്നിവ തുറന്നു കാണിച്ചതിനാണ് നടപടിയെന്നും വൈദികൻ പറഞ്ഞു. സഭയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെയും വിവിധ നിയമനങ്ങളിലെ കോഴയെയും എതിർത്തിട്ടുണ്ട്. കുറ്റ വിചാരണ കോടതി സ്ഥാപിച്ചത് തന്നെ പുറത്താക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.