ഡോ. ഷഹന സ്ത്രീധനത്തിന്‍റെ പേരിൽ ആത്മഹത്യ ചെയ്തപ്പോൾ കേരളത്തിലെ മതനേതൃത്വം മൗനം പാലിച്ചു -എ.എൻ. ഷംസീർ
text_fieldsകണ്ണൂർ: ഡോ. ഷഹന എന്ന പെൺകുട്ടി സ്ത്രീധനത്തിന്‍റെ പേരിൽ ആത്മഹത്യ ചെയ്തപ്പോൾ കേരളത്തിലെ മതനേതൃത്വം മൗനം പാലിച്ചെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ആ മൗനം ശരിയാണോയെന്നും സ്ത്രീധനം ഇസ്‌ലാമിക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി ന്യൂനപക്ഷ കമ്മിഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആവേശപൂർവം ചില ശരിയല്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പ്രകടിപ്പിച്ച മതനേതൃത്വം എന്തുകൊണ്ട് ഡോ. ഷഹന സ്ത്രീധനത്തിന്‍റെ പേരിൽ ജീവൻ അവസാനിപ്പിച്ചപ്പോൾ മൗനം പാലിച്ചു? അത് ചർച്ച ചെയ്യണം. ഇനി എന്‍റെ പിരടിയിൽ പാഞ്ഞുകയറുകയൊന്നും വേണ്ട. ഈ വിഷയത്തിൽ കേരളത്തിലെ മതപണ്ഡിതന്മാർ പാലിച്ച മൗനം കുറ്റകരമാണ്. ഇസ്‌ലാം നിഷിദ്ധമാക്കിയതാണ് സ്ത്രീധനം. അതിൽ കൃത്യമായി അഭിപ്രായം പറയാൻ തയാറാകണം.
മുസ്‌ലിം, ക്രിസ്ത്യൻ, ഹിന്ദു ഏത് മതവിഭാഗത്തിനകത്തുമാകട്ടെ ഇത്തരം തെറ്റായ ശീലങ്ങൾ വരുമ്പോൾ അതിനെതിരെ ശക്തമായ അഭിപ്രായം പറയണമെന്നും ഷംസീർ പറഞ്ഞു.
ഡോ. ഷഹനയുടെ മരണം: റുവൈസിന്റെ വാദം തള്ളി കോടതി
കൊച്ചി: ഡോ. വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിനെ വിമർശിച്ചതിലുള്ള പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഷഹന ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഡോ. റുവൈസിന്റെ വാദം. വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ല. ഷഹനയുടെ ആത്മഹത്യയിൽ തനിക്ക് പങ്കില്ലെന്നും ഇയാൾ ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വാദം അംഗീകരിക്കാനാവില്ലെന്നും സ്ത്രീധനം ആവശ്യപ്പെട്ടെന്നത് കുറ്റകൃത്യമാണെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് പി.എസ്. ഗോപിനാഥ് വ്യക്തമാക്കി.
സ്ത്രീധനത്തിന്‍റെ പേരിൽ റുവൈസ് വിവാഹത്തിൽനിന്ന് പിന്മാറിയതിലുള്ള മനോവിഷമത്താൽ മെഡിക്കൽ പി.ജി വിദ്യാർഥിനിയായിരുന്ന ഡോ. ഷഹന ആത്മഹത്യ ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം അഡീ. സി.ജെ.എം കോടതി നേരത്തെ ജാമ്യഹരജി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.