ഏകീകൃത തദ്ദേശ വകുപ്പ് സ്ഥലംമാറ്റം: അതൃപ്തിത്തുരുത്തുകളായി തദ്ദേശ സ്ഥാപനങ്ങൾ
text_fieldsപാലക്കാട്: ഏകീകൃത തദ്ദേശ വകുപ്പിൽ ഓൺലൈൻ വഴി ആറായിരത്തിലേറെ പേർക്ക് സ്ഥലംമാറ്റം നൽകിയത് റെക്കോഡ് നേട്ടമായി തദ്ദേശ സ്വയംഭരണ മന്ത്രി അവകാശപ്പെടുമ്പോഴും നടപടിയിലെ അശാസ്ത്രീയതയിൽ ജീവനക്കാർക്ക് ആശങ്ക. പഞ്ചായത്ത് വകുപ്പ് ജീവനക്കാർക്ക് ബ്ലോക്ക്-നഗരസഭ സ്ഥാപനങ്ങളിലേക്ക് ഇഷ്ടപ്രകാരം നിയമനം നൽകുകയും ബ്ലോക്ക്-നഗരസഭ സ്ഥാപനങ്ങളിലെ ജീവനക്കാരെ നിർബന്ധിത സ്ഥലംമാറ്റത്തിന് വിധേയമാക്കുകയും ചെയ്ത നടപടിയാണിതെന്നാണ് ആക്ഷേപം.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകൾ എന്നിവയിലെ ജീവനക്കാരെ പരസ്പരം സ്ഥലംമാറ്റിയതുമൂലം വ്യത്യസ്ത സ്വഭാവമുള്ള മൂന്നു സ്ഥാപനങ്ങളുടെയും പ്രവർത്തനം മാസങ്ങളോളം പ്രതിസന്ധിയിലായേക്കും.
വേണ്ടത്ര മുന്നൊരുക്കം നടത്താതെയും സമാന തസ്തികയിലുള്ളവർക്ക് പരിശീലനം നൽകാതെയുമായിരുന്നു സ്ഥലംമാറ്റം. ജോലിഭാരത്താൽ വലയുന്ന വി.ഇ.ഒമാർ പരസ്പര സ്ഥലംമാറ്റ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതിൽ അസംതൃപ്തിയിലാണ്. അതേസമയം, വി.ഇ.ഒമാരുടെ പ്രമോഷൻ തസ്തികയായ എക്സ്റ്റൻഷൻ ഓഫിസർ, ജോയന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ തസ്തികയിലുള്ളവരെ ക്ലറിക്കൽ തസ്തികയുടെ പ്രമോഷൻ തസ്തികയിലേക്കും തിരിച്ചും നിയമിച്ചത് അശാസ്ത്രീയമെന്നാണ് വിലയിരുത്തൽ.
വി.ഇ.ഒയുടെ മേൽതസ്തികയായ ജനറൽ എക്സ്റ്റൻഷൻ ഓഫിസർ, എക്സ്റ്റൻഷൻ ഓഫിസർ (വനിത ക്ഷേമം), എക്സ്റ്റൻഷൻ ഓഫിസർ (ഭവനം) എന്നിവയുടെ സമാന കാറ്റഗറിയാണ് ഹെഡ് അക്കൗണ്ടന്റ്, ഹെഡ് ക്ലർക്ക് തസ്തികകൾ. 15 വർഷത്തിലേറെ ക്ലറിക്കൽ, അക്കൗണ്ടിങ് പരിചയമുള്ളവർ കൈകാര്യം ചെയ്യുന്ന ഈ തസ്തികയിലേക്ക് ഈ മേഖലയിൽ മുൻപരിചയമില്ലാത്ത എക്സ്റ്റൻഷൻ ഓഫിസർമാർ നിയമിക്കപ്പെടുന്നത് തദ്ദേശ സ്ഥാപന പ്രവർത്തനങ്ങളെ അവതാളത്തിലാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ഇതിന് പുറമെയാണ് സീനിയോറിറ്റിയെ ചൊല്ലിയുള്ള അതൃപ്തി. പഞ്ചായത്ത് വകുപ്പിലെ ക്ലർക്ക് 12 വർഷംകൊണ്ട് ഹെഡ് ക്ലർക്കും 16 വർഷംകൊണ്ട് അസി. സെക്രട്ടറിയും 20 വർഷംകൊണ്ട് സെക്രട്ടറിയും ആവുമ്പോൾ ബ്ലോക്ക് പഞ്ചായത്തുകളിൽ ഹെഡ് ക്ലർക്കാവാൻ 16 വർഷമെങ്കിലും കാത്തിരിക്കണം. എക്സ്റ്റൻഷൻ ഓഫിസർമാരുടെ സ്ഥാനക്കയറ്റം ബ്ലോക്കിലെ ക്ലറിക്കൽ വിഭാഗെത്തക്കാൾ വേഗത്തിലാണ്.
തങ്ങെളക്കാൾ സർവിസ് കുറഞ്ഞ പഞ്ചായത്ത് ജീവനക്കാരുടെയും എക്സ്റ്റൻഷൻ ഓഫിസർമാരുടെയും കീഴിൽ ജോലി ചെയ്യേണ്ടിവരുന്നു എന്ന പരാതി ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരിൽനിന്ന് ഉയർന്നിട്ടുണ്ട്.
10 ദിവസത്തിനകം മുഴുവൻ ജീവനക്കാെരയും വിടുതൽ ചെയ്യാനാണ് കർശന നിർദേശം. ഇപ്പോൾതന്നെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഫയൽ ചെയ്തുകഴിഞ്ഞു. പലർക്കും സ്റ്റേ ലഭിച്ചിട്ടുമുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.