റേഷൻ കടകളെയും സപ്ലൈകോയെയും ആശ്രയിക്കൂ; അരിവില വർധന പിടിച്ചുനിർത്താൻ മറ്റു മാർഗങ്ങളില്ലെന്ന് ഭക്ഷ്യമന്ത്രി
text_fieldsകൊച്ചി: പൊതുവിപണിയിൽ അരിവില കൂടിയ സാഹചര്യത്തിൽ സപ്ലൈകോയുടെയും റേഷൻ കടകളുടെയും സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ദേശീയ ഉപഭോക്തൃ അവകാശ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരി വില പിടിച്ചുനിർത്താൻ സർക്കാറിന് മറ്റ് മാർഗങ്ങളില്ല. കോവിഡ് കാലത്ത് അനുവദിച്ച അരിക്ക് പണം ആവശ്യപ്പെട്ട കേന്ദ്ര നടപടി അനാവശ്യമാണ്. ഇതുപോലൊരു ദുരന്തത്തിൽ എല്ലാവരും സഹായിക്കാൻ രംഗത്ത് വരുമ്പോൾ ഇത്തരത്തിലല്ല കേന്ദ്ര സർക്കാർ നിലപാട് എടുക്കേണ്ടതെന്നും ഉപഭോക്തൃ സംസ്ഥാനമാണ് കേരളമെന്ന പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിലക്കയറ്റം തടയുന്നതിന് ശക്തമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഉപഭോക്തൃ അവകാശ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു. കുറഞ്ഞ വിലയില്‍ പരമാവധി സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒരു വര്‍ഷത്തിനിടെ പൊതുവിതരണ വകുപ്പില്‍ ലഭിച്ച 40 ലക്ഷം പരാതികളില്‍ 35,000 പരാതികള്‍ ഒഴികെ ബാക്കിയെല്ലാം പരിഹരിച്ചു. ഭക്ഷ്യ-പൊതു വിതരണ സംവിധാനത്തിലെ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ കൂടുതല്‍ അറിയാനും അതിലെ ന്യൂനതകള്‍ പരിഹരിക്കാനുമാണ് സര്‍ക്കാര്‍ ശ്രമം. ഉപഭോക്താക്കളുടെ അവകാശങ്ങളെ താഴെക്കിടയിലേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. 148 കണ്‍സ്യൂമര്‍ ക്ലബുകള്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
എറണാകുളം ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ടി.ജെ. വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രഫ. എം.കെ. സാനു മുഖ്യതിഥിയായി. സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് പ്രസിഡന്റ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍, ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് സെക്രട്ടറി പി.എം. അലി അസ്ഗര്‍ പാഷ, സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ ഡോ. സഞ്ജീവ് പട്ജോഷി, പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണര്‍ ഡോ. ഡി. സജിത് ബാബു, കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍ സുധ ദിലീപ് കുമാര്‍, ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് പ്രസിഡന്റ് ഡി.ബി. ബിനു, അഡ്വ. ഹരീഷ് വാസുദേവന്‍, ജെ.സി. ജീസണ്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.