അവശേഷിച്ച സിംഹവും ചത്തു; നെയ്യാര്‍ഡാം സിംഹസഫാരി പാര്‍ക്ക് ഇനി ഓര്‍മ
text_fieldsകാട്ടാക്കട: നെയ്യാര്‍ഡാം സിംഹസഫാരി പാര്‍ക്ക് ഇനി ഓര്‍മ. ഇന്ത്യയിലെ ആദ്യത്തെ സിംഹ സഫാരിപാര്‍ക്കില്‍ അവശേഷിച്ച സിംഹവും ചത്തു. നെയ്യാര്‍ഡാം സഫാരിപാര്‍ക്കിലെ 21 കാരിയും ഏക അന്തേവാസിയുമായ പെണ്‍സിംഹം ബിന്ദുവാണ് ബുധനാഴ്ച രാവിലെ ചത്തത്. ജഡം സംസ്‌കരിച്ചു.
വനംവകുപ്പ് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം പി.പി.ഇ കിറ്റ് ധരിച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ചീഫ് വെറ്ററിനറി ഡോക്ടർ ഇ.കെ. ഈശ്വരൻ, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ഷിജു, വൈൽഡ് ലൈഫ് വാർഡൻ ജെ.ആർ. അനി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു നടപടികൾ.
അഞ്ച് ഹെക്ടറോളം വിസ്തൃതി ഉള്ള ദ്വീപ് പോലുള്ള സ്ഥലത്താണ് നെയ്യാര്‍ഡാം സഫാരി പാര്‍ക്ക്. കാഴ്ചക്കാര്‍ കൂട്ടിലും സിംഹങ്ങള്‍ പുറത്തും ഉള്ള കാഴ്ച കാണാനായി വിദേശസഞ്ചാരികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനാളുകളാണ് പാര്‍ക്കിലെത്തിയിരുന്നത്. പ്രേത്യകം സജ്ജീകരിച്ച വാഹനത്തിലാണ് സഞ്ചാരികളെ പാര്‍ക്കില്‍ എത്തിച്ചിരുന്നത്. ദിനവും നൂറുകണക്കിന് പേരെത്തുമായിരുന്നു.
1984ൽ നാല് സിംഹങ്ങളുമായി നെയ്യാർഡാം മരക്കുന്നത്ത് തുടങ്ങിയ പാർക്ക് ഇന്ത്യയിലെ ആദ്യത്തെ സിംഹ സഫാരി പാർക്കാണ്. 16 സിംഹങ്ങള്‍ വരെയുണ്ടായിരുന്ന പ്രതാപകാലമുണ്ടായിരുന്നു ഇവിടെ. പിന്നീട് സിംഹങ്ങളുടെ വംശവർധന തടയാന്‍ വന്ധ്യംകരണം നടത്തിത്തുടങ്ങിയതോടെയാണ് പാര്‍ക്കിന് ശനിദശ തുടങ്ങിയത്. വന്ധ്യംകരണത്തിനുശേഷം സിംഹങ്ങള്‍ ഓരോന്നായി ചത്തുതുടങ്ങി. ഇതിനിടെ ഏറെ മുറവിളികള്‍ക്കൊടുവില്‍ ഒരുവര്‍ഷം മുമ്പ് ഗുജറാത്തില്‍ നിന്നും ഒരു ജോടി സിംഹങ്ങളെ എത്തിത്തിച്ചെങ്കിലും അവയും അകാലത്തില്‍ ചരമഗതി പ്രാപിച്ചു.
പത്ത് വര്‍ഷത്തിനിടെ ലക്ഷങ്ങളാണ് സഫാരി പാര്‍ക്കില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി െചലവിട്ടത്. വേലി നവീകരിക്കുക, പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി മുറി സജ്ജീകരിക്കുക, പാര്‍ക്കിലെത്തുന്ന സഞ്ചാരികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാടുകള്‍ തെളിക്കുക എന്നിവയായിരുന്നു നവീകരണപ്രവര്‍ത്തനങ്ങള്‍.
ഇതൊക്കെ തട്ടിക്കൂട്ട് പണികള്‍ നടത്തി ജോലി അവസാനിപ്പിക്കുകയായിരുെന്നന്ന് പരാതി ഉയര്‍ന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കോവിഡിെൻറ പശ്ചാത്തലത്തില്‍ ഏപ്രില്‍ മാസത്തിലാണ് സഫാരി പാര്‍ക്കില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അപ്പോള്‍ പാര്‍ക്കില്‍ രണ്ട് സിംഹങ്ങളുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഒരു സിംഹം ചത്തത്. മൂന്ന് ദശാബ്ദത്തിലേറെ നെയ്യാര്‍ഡാമിെൻറ പ്രൗഢിയായിരുന്നു സഫാരി പാര്‍ക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.