കടകംപള്ളിക്കെതിരായ പരാമർശം: റിയാസിന് പാർട്ടിയിൽ വിമർശനം
text_fieldsതിരുവനന്തപുരം: മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മന്ത്രി മുഹമ്മദ് റിയാസിന്റെ ‘ഒളിയമ്പ്’ പ്രയോഗത്തിൽ സി.പി.എമ്മിന് അതൃപ്തി. കടകംപള്ളിയെ സംശയത്തിന്റെ കരിനിഴലിലാക്കിയ റിയാസിന്റെ പരാമർശം അപക്വമെന്നാണ് നേതൃയോഗത്തിലുയർന്ന വിമർശനം. വാർത്ത പുറത്തുവന്നതിനു പിന്നാലെ, നിഷേധവുമായി മന്ത്രി റിയാസ് രംഗത്തെത്തി. തനിക്കെതിരെ ഒരു വിമർശനവുമുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും റിയാസ് പറഞ്ഞു. റിയാസിനെ പാർട്ടി വിമർശിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞു.
തിരുവനന്തപുരം കോർപറേഷനിലെ ഇഴഞ്ഞുനീങ്ങുന്ന റോഡ് പണി ജനങ്ങൾക്ക് ബുദ്ധിമുട്ടായി മാറിയത് മേയർ ആര്യാ രാജേന്ദ്രനെ വേദിയിലിരുത്തി കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചിരുന്നു. മേയറെ ചാരി പൊതുമരാമത്ത് വകുപ്പിനെതിരായ വിമർശനമായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്. കോർപറേഷന്റെ ചടങ്ങിൽ നടത്തിയ വിമർശനത്തിന് തൊട്ടടുത്ത ദിവസം മറുപടിയുമായി മന്ത്രി റിയാസും രംഗത്തെത്തി. ചില കരാറുകാരെ ഒഴിവാക്കിയത് ചിലർക്ക് പൊള്ളിയെന്നായിരുന്നു റിയാസിന്റെ പ്രതികരണം.
കടകംപള്ളിയെ സംശയത്തിലാക്കിയ മന്ത്രി റിയാസിന്റെ പരാമർശം പ്രതിപക്ഷം സഭയിൽ ഉന്നയിക്കുകയും ചെയ്തു. റിയാസുമായി ചേർന്നുനിൽക്കുന്ന സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കടകംപള്ളി ഞങ്ങൾ തമ്മിൽ പ്രശ്നമില്ലെന്ന് വിശദീകരിച്ചു. പൊള്ളിയെന്നുപറഞ്ഞത് കടകംപള്ളിയെക്കുറിച്ചല്ലെന്ന് റിയാസും വ്യക്തമാക്കി. എന്നാൽ, റിയാസിന്റെ കടുത്ത പരാമർശം കടകംപള്ളിക്കും പാർട്ടിക്കുമുണ്ടാക്കിയ പരിക്ക് നീങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.