പ്രവാചകനിന്ദ: ലക്ഷ്യം ഫാഷിസത്തിന്‍റെ തനിയാവർത്തനം -വി.ഡി. സതീശൻ
text_fieldsകൊച്ചി: ജർമനിയിൽ വളർന്ന ഫാഷിസത്തിന്‍റെ തനിയാവർത്തനമാണ് പ്രവാചകനിന്ദയിലൂടെ ഇന്ത്യയിലും അധികാരത്തിലിരിക്കുന്നവർ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബഹുസ്വര സമൂഹം ജീവിക്കുന്ന രാജ്യത്ത് ന്യൂനപക്ഷങ്ങളെ പൊതുശത്രുവായി പ്രഖ്യാപിച്ച് ഭൂരിപക്ഷത്തെ ഒപ്പം നിർത്താനാണ് ഇവർ ശ്രമിക്കുന്നത്. എന്നാൽ, ഭരണകൂടത്തിന്‍റെ തെറ്റുകൾ മറച്ചുപിടിക്കാനാണ് ഭൂരിപക്ഷത്തിന്‍റെ സംരക്ഷകരെന്ന കുറുക്കന്‍റെ ബുദ്ധി ഇവർ അഭിനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് കേരള മുസ്ലിം ജമാഅത്ത് സെൻട്രൽ കാബിനറ്റ് സംഘടിപ്പിച്ച പ്രവാചകനിന്ദക്കെതിരെ മാനവിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ ഒരുമിച്ചുനിന്ന് നേരിടണം. എല്ലാവരെയും ഒന്നിപ്പിച്ച് കൊണ്ടുപോകാൻ ഉത്തരവാദിത്തപ്പെട്ടവരാണ് ഭിന്നതയും വൈരാഗ്യവും പ്രചരിപ്പിക്കുന്നത്. അവർക്ക് നല്ലബുദ്ധി തോന്നിയില്ലെങ്കിൽ വിവേകത്തോടെ ചെറുത്തുനിൽക്കണം. പൊതുസമൂഹത്തിലേക്ക് വിദ്വേഷം പ്രചരിപ്പിക്കാൻ അവരെ അനുവദിക്കരുതെന്നും സതീശൻ പറഞ്ഞു.
സമസ്ത ജില്ല പ്രസിഡന്റ് കൽത്തറ പി. അബ്ദുൽ ഖാദിർ മദനി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് ദേശീയ പ്രസിഡന്‍റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തി. മേയർ എം. അനിൽകുമാർ, അൻവർ സാദത്ത് എം.എൽ.എ, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, സി.ടി. ഹാഷിം തങ്ങൾ, കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് വി.എച്ച്. അലി ദാരിമി, കേരള മുസ്ലിം ജമാഅത്ത് ജില്ല വൈസ് പ്രസിഡന്റ് കെ.കെ. അബ്ദുറഹ്മാൻ മുസ്‌ലിയാർ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.പി. അബ്ദുൽ ജബ്ബാർ സഖാഫി, എ. അഹ്മദ് കുട്ടി ഹാജി, എസ്.വൈ.എസ് ജില്ല പ്രസിഡന്റ് ഇസ്മായിൽ സഖാഫി, സമസ്ത ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് സഖാഫി, എസ്.എം.എ ജില്ല അധ്യക്ഷൻ സിദ്ദീഖ് മുസ്‌ലിയാർ ഇടച്ചിറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.