'ഇത് അബദ്ധങ്ങളല്ല, പ്രൊപ്പഗണ്ടയാണ്, ഇരുന്നിടം മുടിക്കുക എന്നതാണ് കമ്യൂണിസ്റ്റ് ചരിത്രം, ലക്ഷ്യം ഒരു സമൂഹമാണ്, സാക്ഷാൽ വിജയനാണ് പിന്നിൽ'; വി.ടി.ബൽറാം
text_fieldsകോഴിക്കോട്: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമന്റെിലെത്തിയത് മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പരാമർശങ്ങളെ ന്യായീകരിച്ച സി.പി.എം നേതാക്കളുടെ നിലപാടിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം.
ഇതൊന്നും അബദ്ധങ്ങളല്ലെന്നും മനപ്പൂർവമായ ആവർത്തനമാണെന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രൊപ്പഗണ്ടയുടെ അരക്കെട്ടുറപ്പിക്കലാണിതെന്ന് കേരളത്തിലെ ജനങ്ങൾ ഇനിയെങ്കിലും തിരിച്ചറിയണമെന്നും വി.ടി.ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ലോകത്തെല്ലായിടത്തും കമ്യൂണിസ്റ്റുപാർട്ടിയുടെ ചരിത്രം ഇരുന്നിടം മുടിക്കുക എന്നതാണ്. ഇവർ നാട് നശിപ്പിച്ചേ അടങ്ങൂ. ഇതിനെല്ലാം പുറകിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ബൽറാം തുറന്നടിച്ചു.
ഒരു വാർഡിൽ 25 വോട്ട് തികച്ചില്ലാത്ത ജമാഅത്തെ ഇസ്‌ലാമിയല്ല ഇവരുടെ യഥാർത്ഥ പ്രശ്നമെന്നും അതിന് മുൻപ് അവരെ പ്രകീർത്തിച്ചെഴുതിയ ദേശാഭിമാനി മുഖപ്രസംഗങ്ങൾ സാക്ഷിയാണെന്നും ബൽറാം പറയുന്നു.
കൈവെട്ടും മുദ്രാവാക്യം വിളിയുമായി നടക്കുന്ന എസ്ഡിപിഐയുമല്ല ഇവരുടെ യഥാർത്ഥ പ്രശ്നമെന്നും ഇവരുടെ ലക്ഷ്യം ഒരു സമൂഹമാണെന്നും അവരുടെ അപരവൽക്കരണമാണെന്നും ബൽറാം കുറ്റപ്പെടുത്തുന്നു.
എ.വിജയരാഘവന്റെ വിദ്വേഷ പരാമർശങ്ങളെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനും രംഗത്തെത്തിയിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമര്‍ശനം മുസ്‌ലിംകള്‍ക്കെതിരല്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം.
വി.ടി.ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
"വിജയരാഘവന് ശേഷം ഇപ്പോഴിതാ രാമകൃഷ്ണൻ.
തൊട്ടുമുമ്പ് മോഹനനായിരുന്നു.
നേരത്തേ ജയരാജൻ.
അതിനുമുമ്പ് ബാലൻ.
സ്ഥിരമായി ഇടക്കിടെ ഗോവിന്ദൻ.
ഇതിനെല്ലാം പുറകിൽ സാക്ഷാൽ വിജയൻ.
പ്രിയ കേരളമേ,
ഇനിയെങ്കിലും തിരിച്ചറിയുക.
ഇവന്മാർ ഇത് കരുതിക്കൂട്ടിയാണ്.
അബദ്ധങ്ങളല്ല, മനപ്പൂർവ്വമായ ആവർത്തനങ്ങളാണ്.
പ്രൊപ്പഗണ്ടയുടെ അരക്കിട്ടുറപ്പിക്കലാണ്.
നാട് നശിപ്പിച്ചേ ഇവർ അടങ്ങൂ.
ലോകത്തെല്ലായിടത്തും കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം ഇതു തന്നെയാണ്.
ഇരുന്നിടം മുടിക്കുക.
ഒരു വാർഡിൽ 25 വോട്ട് തികച്ചില്ലാത്ത ജമാ അത്തെ ഇസ്ലാമിയല്ല ഇവരുടെ യഥാർത്ഥ പ്രശ്നം. ഇന്നലെകളിൽ അവരെ പ്രകീർത്തിച്ചെഴുതിയ ദേശാഭിമാനി മുഖപ്രസംഗങ്ങൾ സാക്ഷി. കൈവെട്ടും മുദ്രാവാക്യം വിളിയുമായി നടക്കുന്ന എസ്ഡിപിഐയുമല്ല ഇവരുടെ യഥാർത്ഥ പ്രശ്നം.
52 വെട്ടിൽ പച്ചമനുഷ്യനെ കൊത്തിയരിയുന്ന, ബോംബ് നിർമ്മാണം കുടിൽ വ്യവസായമാക്കിയ ഇവർക്ക് അതൊക്കെ എത്ര നിസ്സാരം!
ഇവരുടെ ലക്ഷ്യം ഒരു സമൂഹമാണ്. അവരുടെ അപരവൽക്കരണമാണ്, അതിൽ ആനന്ദിക്കുന്നവരുടെ കരുണാകടാക്ഷമാണ്, അതിന്റെ പ്രതിഫലമായി കിട്ടിയേക്കാവുന്ന നക്കാപ്പിച്ചകളാണ്.
മറ്റൊന്നും കൊണ്ടല്ല, വെറുപ്പിന്റെ പ്രത്യയശാസ്ത്രക്കാരുടെ ഔദാര്യത്തിലാണ് കേരളത്തിലെ നമ്പർ വൺ തിരുട്ടു കുടുംബത്തിന്റെ ശിഷ്ട കാല ജീവിതം. അതാണ് കാരണം. അത് മാത്രമാണ് കാരണം."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.