'എം.ടി പറഞ്ഞു, ആണവ നിലയത്തിന് എതിരെയായിരുന്നു ഞാൻ ആദ്യമായി പങ്കെടുത്ത പ്രക്ഷോഭ മാര്‍ച്ച്'; ആക്ടിവിസ്റ്റായ എം.ടിയെ ഓര്‍ക്കുമ്പോള്‍
text_fieldsഅന്തരിച്ച സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ പങ്കെടുത്ത ബഹുജന പ്രക്ഷോഭത്തെയും എം.ടിയുടെ ആണവ വിരുദ്ധ നിലപാടുകളെയും ഓർത്തെടുത്ത് പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ കെ. സഹദേവന്‍. കണ്ണൂരിലെ പെരിങ്ങോമില്‍ ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ 1992ൽ നടന്ന പ്രക്ഷോഭത്തിൽ എം.ടി പങ്കെടുത്ത ഓർമയാണ് അദ്ദേഹം പങ്കുവെക്കുന്നത്. പിന്നീട് ഒരു അഭിമുഖത്തില്‍, താന്‍ ആദ്യമായി പങ്കെടുത്ത പ്രക്ഷോഭ മാര്‍ച്ച് പെരിങ്ങോം ആണവ നിലയത്തിനെതിരായ പ്രതിഷേധമായിരുന്നു എന്ന് എം.ടി പറഞ്ഞതും കെ. സഹദേവന്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോൾ ചീമേനിയില്‍ ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കം നടക്കുമ്പോള്‍ എം.ടിയുടെ വിയോഗം ആണവ വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്നും അത് ആണവ വിരുദ്ധ പ്രവര്‍ത്തകരെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുന്നുവെന്നും കെ. സഹദേവൻ ഓർമിപ്പിക്കുന്നു.
കെ. സഹദേവന്‍റെ കുറിപ്പ് പൂർണരൂപം
ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണത്. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമില്‍ ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കേരളമൊന്നാകെ പ്രതിഷേധിച്ചുകൊണ്ടിരുന്ന കാലം. വിവിധങ്ങളായ പ്രക്ഷോഭ പരിപാടികളില്‍ കേരളത്തിലെ കലാ-സാംസ്‌കാരിക-സാഹിത്യ രംഗങ്ങളിലെ പ്രമുഖരായ ഒട്ടുമിക്ക ആളുകളും പല ഘട്ടങ്ങളിലായി പെരിങ്ങോം ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പങ്കെടുത്തുകൊണ്ടിരുന്നു.
1992 നവംബര്‍ ഒന്ന് മുതല്‍ നാല് വരെയുള്ള ദിവസങ്ങളിലായി പെരിങ്ങോമില്‍ നിന്നും കാല്‍നടയായി കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടക്കുന്നു. ഓരോ ദിവസവും മാര്‍ച്ചിന്റെ അവസാനത്തില്‍ നടക്കുന്ന പൊതുയോഗത്തില്‍ വിവിധ പ്രമുഖര്‍ സംസാരിക്കുന്നു. സുകുമാര്‍ അഴീക്കോട്, സുഗതകുമാരി, ജി. കുമാരപ്പിള്ള, ആര്‍എം മനയ്ക്കലാത്ത്, ബിഷപ്പ് പൗലോസ് മാര്‍ പൗലോസ്... തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക സാഹിത്യകാരന്മാരും മാര്‍ച്ചില്‍ പങ്കാളികളാകുന്നു.
നവംബര്‍ നാലിന് കണ്ണൂരില്‍ നടന്ന ബഹുജന മാര്‍ച്ചില്‍ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരും മുന്‍നിരയില്‍ സഞ്ചരിക്കുന്നു.!!
ആണവ സാങ്കേതികവിദ്യയുടെ സംഹാരശേഷിയെക്കുറിച്ചും അതിന്റെ ജനാധിപത്യ വിരുദ്ധ സ്വഭാവത്തെക്കുറിച്ചും ഹ്രസ്വമെങ്കിലും ശക്തമായ രീതിയില്‍ എം.ടി സംസാരിക്കുന്നു.
പിന്നീട് ഒരു ദശകത്തിന് ശേഷം മലയാളത്തിലെ പ്രമുഖ വാരികയില്‍ (വാരിക ഏതെന്ന് ഓര്‍മ്മയില്ല) പ്രസിദ്ധീകരിച്ച ദീര്‍ഘമായ അഭിമുഖത്തില്‍ താന്‍ ആദ്യമായി പങ്കെടുത്ത പ്രക്ഷോഭ മാര്‍ച്ച് പെരിങ്ങോം ആണവ നിലയത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുള്ളതാണ് എന്ന് മഹാനായ സാഹിത്യകാരന്‍ ഓര്‍ത്തെടുത്തു പറയുന്നുണ്ട്.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം, കേരളത്തിലെ ചീമേനിയില്‍ ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കവുമായി അധികാരികള്‍ മുന്നോട്ടുവരുമ്പോള്‍ എം.ടിയുടെ വിയോഗം ആണവ വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമായി അനുഭവപ്പെടുന്നു. അത് ആണവ വിരുദ്ധ പ്രവര്‍ത്തകരെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുന്നു. മഹാനായ സാഹിത്യകാരന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.