സുഭാഷ് ചന്ദ്രബോസ് വിളിച്ചു, ക്രിസോസ്റ്റം ദൈവവേലക്കിറങ്ങി
text_fieldsക്രിസ്തുവിെൻറ വിളി കേട്ടിട്ടായിരുന്നില്ല ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ദൈവവേലക്കിറങ്ങിയത്. സാക്ഷാൽ സുഭാഷ് ചന്ദ്രബോസ് വിളിച്ചിട്ടായിരുന്നു. അങ്ങനെ ഒരു വിളിക്കുത്തരം നൽകാൻ ക്രിസോസ്റ്റവും സുഭാഷ് ചന്ദ്രബോസും തമ്മിൽ എന്താണ് ബന്ധം...?
1939ലായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ആലുവ യു.സി കോളജിൽനിന്ന് ബിരുദം പൂർത്തിയാക്കിയത്. ആ സമയത്താണ് വടക്കൻ കർണാടകയിലെ അങ്കോളയിൽ ആദിവാസികൾക്കിടയിൽ മാർത്തോമ സഭയുടെ സുവിശേഷകസംഘം മിഷൻ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചത്. കോട്ടയം ജെറുസലേം മാർത്തോമ പള്ളി വികാരിയായിരുന്ന പി.ജെ. തോമസിെൻറ നേതൃത്വത്തിൽ അങ്കോളയിലേക്ക് പോകുന്ന സംഘത്തിൽ രണ്ടു ചെറുപ്പക്കാർ കൂടി വേണമായിരുന്നു. അതിലൊരാളായി പി.ജെ. തോമസ് കണ്ടത് ക്രിസോസ്റ്റത്തെയായിരുന്നു. പക്ഷേ, അതിന് ഒരു ഇൻറർവ്യുവിൽ പങ്കെടുത്ത് യോഗ്യത തെളിയിക്കണമായിരുന്നു.
പക്ഷേ, ഇൻറർവ്യു സമയമായപ്പോൾ ക്രിസോസ്റ്റത്തെ കടുത്ത പനി പിടികൂടി. പനിയായതിനാൽ ഇൻറർവ്യുവിന് എത്താനാവില്ലെന്ന് ക്രിസോസ്റ്റത്തിെൻറ പിതാവ് അധികാരികളെ അറിയിക്കുകയും ചെയ്തു. അപ്പോഴാണ് ആ വാർത്ത ക്രിസോസ്റ്റം കണ്ടത്. കോൺഗ്രസ് പ്രസിഡൻറായ സുഭാഷ് ചന്ദ്രബോസിന് പനി പിടിച്ചെന്നും 104 ഡിഗ്രി പനിയിലും അദ്ദേഹം പാർട്ടി സംഘടിപ്പിച്ച വൻ റാലിയിൽ പങ്കെടുത്തെന്നുമായിരുന്നു ആ വാർത്ത. സുഭാഷ് ചന്ദ്രബോസിന് അങ്ങനെ കർമനിരതനാകാമെങ്കിൽ എന്തുകൊണ്ട് തനിക്കും ആയിക്കൂടാ എന്നു ചിന്തിച്ച ക്രിസോസ്റ്റം കടുത്ത പനിയുമായി ഇൻറർവ്യുവിൽ പങ്കെടുത്തു.
അപ്പൻ പനിയാണെന്നറിയിച്ചയാൾ ഇൻറർവ്യുവിനെത്തിയത് എങ്ങനെയെന്ന് ബോർഡംഗങ്ങൾ ചോദിക്കാതിരുന്നില്ല. യാഥാർഥ്യങ്ങൾ ക്രിസോസ്റ്റം തുറന്നുപറഞ്ഞു. അപ്പോൾ ബോർഡിലൊരാൾ ചോദിച്ചു 'നീ ക്രിസ്തുവിനെ കണ്ടാണോ ഇറങ്ങിയത്, സുഭാഷ് ചന്ദ്രബോസിനെ കണ്ടാണോ ഇറങ്ങിയത്..?'
ബോർഡിന് നേതൃത്വം നൽകിയ ഫാ. വി.പി. മാമ്മെൻറ മറുപടിയായിരുന്നു ചിന്തനീയം. 'നമ്മൾ പള്ളിയിലെ ദൈവത്തെ കണ്ടപ്പോൾ അവൻ മനുഷ്യരിലൂടെ ദൈവത്തെ കണ്ടു... ഇവനോടിനി കൂടുതൽ ചോദ്യങ്ങളൊന്നും വേണ്ട..' അങ്ങനെയാണ് വൈദിക വൃത്തിയിലേക്ക് ആദ്യമായി ക്രിസോസ്റ്റം തെരഞ്ഞെടുക്കപ്പെട്ടത്.
പിന്നീട് കൂട്ടുകാർ കളിയാക്കി പറയുമായിരുന്നു 'ദൈവം വിളിച്ചതുകൊണ്ടല്ല ഫിലിപ് ഉമ്മൻ ദൈവവേലക്കിറങ്ങിയത്, സുഭാഷ് ചന്ദ്രബോസ് വിളിച്ചിട്ടാണ്...'
പോർട്ടറച്ചൻ
രാജ്യം സ്വതന്ത്രമായ നാളിലായിരുന്നു സംഭവം. നാട്ടിലേക്ക് മടങ്ങാനായി ക്രിസോസ്റ്റം ജോലാർപേട്ട റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ട്രെയിൻ പോയിക്കഴിഞ്ഞിരുന്നു. പിന്നെയും നാലു മണിക്കൂർ കാത്തിരുന്നാലേ അടുത്ത ട്രെയിനുള്ളൂ. പെട്ടിയിൽ ചാരിയിരിക്കുമ്പോൾ റെയിൽവേ പോർട്ടർമാരുടെ ഒച്ചയും ബഹളവുമൊക്കെ അദ്ദേഹത്തിെൻറ ശ്രദ്ധയിൽ പെട്ടു. യാത്രക്കാരോട് അമിതമായ കൂലി ചോദിക്കുന്ന പോർട്ടർമാർ. പ്രായമായവരോടും സ്ത്രീകളോടുപോലും മയമില്ലാതെ പെരുമാറുന്നു. കിട്ടുന്ന കാശുമായി ചാരായക്കടയിലേക്ക് പോകുന്നു.
ഈ പോർട്ടർമാരെ ഉപദേശിക്കാൻ തന്നെ ക്രിസോസ്റ്റം തീരുമാനിച്ചു. ഉപദേശമൊക്കെ കേട്ടുകഴിഞ്ഞപ്പോൾ തൊഴിലാളികളിൽ ഒരാൾ പറഞ്ഞു. 'സാറ് വലിയ പ്രസംഗമൊന്നും നടത്തണ്ട. പറ്റുമെങ്കിൽ ഒരുമാസം ഞങ്ങളുടെ കൂടെ വന്ന് താമസിച്ചുനോക്ക്. അപ്പോൾ ഞങ്ങളനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലാകും'. അതൊരു വെല്ലുവിളിയായി ക്രിസോസ്റ്റത്തിനു തോന്നി. നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ചു. ജോലാർപേട്ടിനടുത്ത് തിരുപ്പത്തൂരിലെ ക്രൈസ്തവാശ്രമത്തിൽ താമസിച്ച് അദ്ദേഹം ഒരു പോർട്ടറായി തൊഴിലാളികൾക്കിടയിൽ താമസിച്ചു. ദിനവും റെയിൽവേ സ്റ്റേഷനിൽ വന്ന് മറ്റുള്ളവരെ പോലെ പെട്ടിയെടുത്തു. കിട്ടിയ കൂലി മുഴുവൻ മറ്റു തൊഴിലാളികൾക്കു വീതിച്ചുകൊടുത്തു.
അവരിൽ പലരെയും തിരുത്താനും കുടുംബകാര്യങ്ങളിൽ ശ്രദ്ധയുള്ളവരാക്കാനും സ്വഭാവത്തിൽ മാറ്റം വരുത്താനും മദ്യപാനത്തിൽനിന്ന് പിന്തിരിപ്പിക്കാനും ഒരുമാസത്തെ പോർട്ടർ ജോലിയിലൂടെ ക്രിസോസ്റ്റത്തിന് കഴിഞ്ഞു.
പോർട്ടർ പണിക്കുള്ള ലൈസൻസ് സംഘടിപ്പിച്ച് അവർക്കൊപ്പം സുവിശേഷ പ്രവർത്തനം നടത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സഭ സ്നേഹത്തോടെ ആ ആവശ്യം നിരുത്സാഹപ്പെടുത്തുകയായിരുന്നു. പകരം കൊട്ടാരക്കര, മൈലം, പട്ടമല ഇടവകകളിലെ വികാരിയായി അദ്ദേഹത്തെ നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.