'പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ മനുഷ്യസ്നേഹത്തിെൻറ ഉദാത്ത മാതൃക' -പൗരാവലി അനുസ്മരിച്ചു
text_fieldsകോഴിക്കോട്: അന്തരിച്ച ജമാഅത്തെ ഇസ്ലാമി മുൻ കേരള അമീർ പ്രഫ. കെ.എ. സിദ്ദീഖ് ഹസനെ കോഴിക്കോട് പൗരാവലി അനുസ്മരിച്ചു. ടൗൺഹാളിലായിരുന്നു ചടങ്ങ്. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി അനുസ്മരണ പ്രഭാഷണം നടത്തി. രാജ്യത്തെ പതിതരുടെ ദുഃഖങ്ങൾ ഹൃദയത്തിലേറ്റുകയും പരിവർത്തനമുണ്ടാക്കാൻ ദൃഢനിശ്ചയെമടുക്കുകയും ചെയ്തയാളാണ് സിദ്ദീഖ് ഹസനെന്ന് അദ്ദേഹം അനുസ്മരിച്ചു.
ആദർശപ്രചോദിതമായ ജീവിതത്തിൽ വിനയമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ആകർഷണമെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണങ്ങൾ നടക്കുന്ന കാലത്ത് മികച്ച നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. നിലപാടുകളിൽ വെള്ളം ചേർക്കാത്ത കമ്യൂണിസ്റ്റ് നേതാക്കളെ സിദ്ദീഖ് ഹസൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു സിദ്ദീഖ് ഹസനെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഇടപെടുന്ന എല്ലാ കാര്യത്തിലും ശക്തമായ ആത്മാർഥത അദ്ദേഹം പുലർത്തിയെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി പറഞ്ഞു. എല്ലാ മനുഷ്യരിലും നന്മ കണ്ടെത്താനും എല്ലാവരിലുമുണ്ടാകുന്ന തിന്മയെ മാപ്പാക്കാനും സിദ്ദീഖ് ഹസൻ ശ്രമിച്ചെന്ന് മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു.
ഒരുകാര്യം ആലോചിച്ചാൽ അത് നടപ്പാക്കിയിരിക്കും. എന്തിനും മുൻൈകയെടുക്കാനുള്ള അതിസാഹസികത അദ്ദേഹത്തിൽനിന്ന് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വപരമായ സാഹോദര്യവും ലാളിത്യവുമാണ് മുഖ്യമെന്ന് തെളിയിച്ചയാളാണ് സിദ്ദീഖ് ഹസനെന്ന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു.
മാറാട് കലാപകാലമടക്കം പല പ്രതിസന്ധികളിലും അദ്ദേഹത്തിെൻറ അസാധാരണവും പ്രതീക്ഷാനിർഭരവുമായ നിലപാടുകൾ തുണയായെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ശത്രുക്കളെപ്പോലും മാന്യന്മാരാക്കിമാറ്റാൻ കഴിഞ്ഞയാളാണ് സിദ്ദീഖ് ഹസനെന്ന് ഹാശിം ഹദ്ദാദ് തങ്ങൾ പറഞ്ഞു.
പാണ്ഡിത്യത്തിെൻറ ലാളിത്യം പ്രകടമാക്കിയ അപൂർവ വ്യക്തിയായിരുന്നുവെന്ന് ഉമ്മർ പാണ്ടികശാല അനുസ്മരിച്ചു. പൂർണ മനുഷ്യനെന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കിലത് സിദ്ദീഖ് ഹസനാണെന്ന് പി.കെ. പാറക്കടവ് പറഞ്ഞു.
മറ്റൊരാൾക്കും കഴിയാത്ത നേതൃഗുണമായിരുന്നു അദ്ദേഹത്തിനെന്ന് സി.പി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. അസാധ്യമെന്ന് തോന്നുന്നതെല്ലാം സാധ്യമെന്നും അതിനുള്ള പ്രധാന ഇന്ധനം മനുഷ്യപ്രയത്നമാണെന്നും കരുതിയയാളാണ് സിദ്ദീഖ് ഹസനെന്ന് പ്രഫ. പി. കോയ പറഞ്ഞു.
കേരളത്തിൽ ഉയർന്നുവന്ന ദലിത് ചിന്തകൾക്ക് അദ്ദേഹം വലിയ പിന്തുണ നൽകിയതായി ഹമീദ് വാണിയമ്പലം പറഞ്ഞു.
കെ.സി. അബു, ജഅഫർ അലി ദാരിമി, പി. മുജീബുറഹ്മാൻ, സി.ടി. സക്കീർ ഹുസൈൻ, മുഅ്സം നായിക്, മകൻ ഫസലുറഹ്മാൻ തുടങ്ങിയവരും സംസാരിച്ചു. ഡോ. പി.സി. അൻവർ സ്വാഗതവും ഫൈസൽ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.