അന്ധവിശ്വാസത്തിൽ ‘കൈപൊള്ളി’ പിണറായി സർക്കാറും; കരട് നിയമത്തിൽ പൊളിച്ചെഴുത്തിന് നീക്കം
text_fieldsകോട്ടയം: അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തൊട്ടപ്പോൾ പിണറായി സർക്കാറിന്റെയും ‘കൈപൊള്ളി’. കരട് നിയമം വീണ്ടും പൊളിച്ചെഴുതാൻ നീക്കം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പെരുകുന്നെന്ന വിലയിരുത്തലിലാണ് നിയമത്തിന് നീക്കം നടത്തിയത്. പത്ത് വർഷമായി ഈ നിയമം നടപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ജസ്റ്റിസ് കെ.ടി. തോമസ് ചെയർമാനായ നിയമ പരിഷ്കാര കമീഷനാണ് നാലുവർഷം മുമ്പ് കരട് ബിൽ തയാറാക്കിയത്. ‘ദ കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ’ 2019 ഒക്ടോബറിൽ സർക്കാറിന് സമർപ്പിച്ചെങ്കിലും ആഭ്യന്തര വകുപ്പിന് അന്തിമ തീരുമാനമെടുക്കാനായില്ല.
നിയമോപദേശം തേടിയും നിയമ സെക്രട്ടറിയോട് കാര്യങ്ങൾ ചർച്ച ചെയ്തും വ്യക്തത വരുത്താനുള്ള നീക്കത്തിലാണ് ആഭ്യന്തര വകുപ്പ്. കരട് ബില്ലിലെ പല കാര്യങ്ങളും ഉപേക്ഷിക്കാനാണ് ശ്രമം. അനാചാരങ്ങൾ കൃത്യമായി നിർവചിക്കാനാകാത്തതാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞ മന്ത്രിസഭ യോഗം ഈ ബില്ലിൽ സമൂല പൊളിച്ചെഴുത്ത് നടത്താനാണ് തീരുമാനിച്ചത്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും ഏർപ്പെടുകയും ആരെയെങ്കിലും കബളിപ്പിക്കുകയും ചെയ്യുന്നവർക്ക് ഒന്നു മുതൽ ഏഴുവർഷം വരെ തടവും 5000 മുതൽ 50,000 രൂപ വരെ പിഴയുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. അനാചാരത്തിനിടെ മരണം സംഭവിച്ചാൽ ഇന്ത്യൻശിക്ഷ നിയമത്തിൽ കൊലപാതകത്തിന് നൽകുന്ന ശിക്ഷ നൽകണമെന്നായിരുന്നു വ്യവസ്ഥ. അന്ധവിശ്വാസങ്ങൾ തടയാൻ നിയമം കൊണ്ടുവരാൻ 2014 മുതൽ ശ്രമം ആരംഭിച്ചെങ്കിലും ഏകദേശം പത്ത് വർഷമായിട്ടും നടപ്പാക്കാൻ സർക്കാറുകൾക്ക് കഴിയുന്നില്ല.
2014ൽ ശാസ്ത്രസാഹിത്യ പരിഷത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനാചാരങ്ങൾ തടയാൻ നിർദേശം അടങ്ങിയ കരട് ബിൽ സമർപ്പിച്ചിരുന്നു. അന്നത്തെ ഇന്റലിജൻസ് എ.ഡി.ജി.പി എ. ഹേമചന്ദ്രനും സർക്കാർ നിർദേശ പ്രകാരം രൂപരേഖ സമർപ്പിച്ചു. ‘കേരള അന്ധവിശ്വാസം തടയൽ നിയമം’ പേരിലാണ് 2014ൽ കരട് ബിൽ തയാറാക്കിയത്. 2016ൽ ആരോഗ്യ-സാമൂഹികക്ഷേമ മന്ത്രി കെ.കെ. ശൈലജ നിയമം ഉടൻ നടപ്പാക്കുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. 2021ൽ മന്ത്രി കെ. രാധാകൃഷ്ണനും സമാന പ്രഖ്യാപനം നിയമസഭയിൽ നടത്തിയിരുന്നു.
കഴിഞ്ഞവർഷം പത്തനംതിട്ട ഇലന്തൂരിലെ നരബലികൾ കേരളത്തിന് നാണക്കേടായ സാഹചര്യത്തിലാണ് വീണ്ടും നിയമം നടപ്പാക്കാൻ സർക്കാർ നീക്കം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.