എം.എൻ സ്മാരകം പുതുക്കിപ്പണിയുന്നു; 10 കോടി പിരിക്കും
text_fieldsതിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫിസായ എം.എൻ സ്മാരകം പുതുക്കിപ്പണിയുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന്റെ നിർമാണം ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കാനാണ് പദ്ധതി. 1957 ൽ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറുന്ന വേളയിൽ പാര്‍ട്ടി സെക്രട്ടറിയായിരുന്ന എം.എൻ. ഗോവിന്ദൻ നായരുടെ സ്മാരകമായ ഈ കെട്ടിടം കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രമുറങ്ങുന്ന ഇടമാണ്. ദേശീയതലത്തിൽ 1964 ൽ പാര്‍ട്ടി പിളര്‍ന്നപ്പോൾ തൊട്ട് സി.പി.ഐയുടെ സംസ്ഥാന ആസ്ഥാനമാണ് എം.എൻ സ്മാരകം.
പത്ത് കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഈ തുക എം.എൻ ഫണ്ട് എന്ന പേരിൽ പിരിച്ചെടുക്കാൻ ചൊവ്വാഴ്ച ചേർന്ന സി.പി.ഐ സംസ്ഥാന നിർവാഹക സമിതി തീരുമാനിച്ചു. പാർട്ടി അംഗങ്ങളിൽനിന്ന് ഒരു ദിവസത്തെ വരുമാനം ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കി തുക പൊതുജനങ്ങളിൽനിന്ന് ഒരു മാസം കൊണ്ട് പിരിച്ചെടുക്കും. നേതാക്കൾക്ക് താമസസൗകര്യം, 40 കാർ പാർക്ക് ചെയ്യാൻ സൗകര്യം, വിശാലമായ കോൺഫറൻസ് ഹാൾ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും.
എന്നാൽ, പുറംമോടിയിൽ മാറ്റമുണ്ടാകില്ല. അമൂല്യ രാഷ്ട്രീയ ചരിത്ര രേഖകളടക്കം സൂക്ഷിച്ച ലൈബ്രറി ഡിജിറ്റലാക്കുന്നതടക്കം പ്രവര്‍ത്തനങ്ങളും ഒപ്പം നടക്കുന്നുണ്ട്. പുതിയ കെട്ടിടം പണി ഉടൻ തുടങ്ങും. പൂർത്തിയാകുന്നതുവരെ പാർട്ടി ആസ്ഥാനം പി.എസ്. ശ്രീനിവാസൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റും. 1985 ലാണ് ഈ ഓഫിസിന് എം.എൻ സ്മാരകമെന്ന പേരിട്ടത്. പാളയത്ത് എ.കെ.ജി സെന്ററിന് എതിര്‍വശത്തായി സി.പി.എമ്മിനും പുതിയ ആസ്ഥാനം പണി പുരോഗമിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.