ദേശീയപാത 66 നവീകരണം പുരോഗമിക്കുന്നു
text_fieldsകോട്ടക്കല്‍: ദേശീയപാത 66ല്‍ റോഡ് നവീകരണത്തിെൻറ ഭാഗമായുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഒരുഭാഗം മാത്രം തുറന്നാണ് എടരിക്കോട് മുതല്‍ കുറ്റിപ്പുറം വരെ പ്രവൃത്തികള്‍ നടക്കുന്നത്. 38 കോടി രൂപയാണ് നിർമാണച്ചെലവ്. കഴിഞ്ഞ ഒക്ടോബര്‍ 29 മുതലാണ് നവീകരണത്തിന് തുടക്കമായത്.
എടരിക്കോട് ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രവൃത്തികള്‍ ചങ്കുവെട്ടി ജങ്ഷന് വരെ എത്തി. കോള്‍ഡ് റീസൈക്കിളിങ് എന്ന പേരില്‍ നൂറുശതമാനം പ്രകൃതിസൗഹൃദ ടെക്നോളജി വഴിയാണ് പ്രവൃത്തികള്‍. യാത്രക്കാര്‍ക്ക് ചൂട് അനുഭവപ്പെടാതെ യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. പഴയ റോഡ് പൊളിച്ച ശേഷം അതേ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് പുതിയത് നിർമിക്കുന്നത്. ശേഷം ഒരു പ്രതലം കൂടി മേല്‍ഭാഗത്ത് ഉള്‍െപ്പടുത്തിയാണ് നിർമാണം പൂര്‍ത്തീകരിക്കുക. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് നവീകരണം.
ജില്ലയില്‍ ഇടിമുഴിക്കല്‍ മുതല്‍ പൊന്നാനി കാപ്പിരിക്കടവ് വരെയാണ് പ്രവൃത്തികള്‍. ഇതില്‍ എടരിക്കോട് മുതല്‍ ഭാരതപ്പുഴക്ക് കുറുകെ കുറ്റിപ്പുറം പാലം വരെ 28 കിലോമീറ്റര്‍ റോഡിെൻറ ഇരുവശവും നവീകരിക്കുന്ന പ്രവൃത്തികള്‍ ഒരു മാസത്തിലധികം നീളും. ദിവസവും ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്.
പ്രവൃത്തി തീരുന്നതു വരെ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
എന്നാല്‍, ഇത് അറിയാതെ എത്തുന്ന ദീര്‍ഘദൂര യാത്രികര്‍ മണിക്കൂറോളമാണ് ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത്. കോഴിക്കോട്, കോട്ടക്കല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചമ്രവട്ടം, തിരൂര്‍, തിരുനാവായ വഴിയാണ് പോകേണ്ടത്. കോട്ടക്കല്‍, എടരിക്കോട് ഭാഗങ്ങളിലെ ഗ്രാമീണ റോഡുകളെല്ലാം വാഹനത്തിരക്കാണ്. പി.എം.ആര് കണ്‍സ്ട്രക്ഷനാണ് നിർമാണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.