'വാടക ലഭിച്ചില്ല; 70ഓളം രോഗികളെ പാർപ്പിച്ച കോവിഡ് സെൻറർ താഴിട്ടുപൂട്ടി കെട്ടിടം ഉടമ'
text_fieldsതൊടുപുഴ: കോവിഡ് ചികിത്സ കേന്ദ്രമായ തൊടുപുഴയിലെ കേന്ദ്രം പറഞ്ഞ സമയത്ത് അധികൃതര്‍ ഒഴിഞ്ഞുകൊടുക്കാത്തതിെൻറ പേരിൽ പ്രധാന കവാടം ഉടമസ്ഥൻ താഴിട്ടുപൂട്ടി. ഈ സമയം 70 രോഗികളും 25 ആരോഗ്യപ്രവര്‍ത്തകരും അകത്തുണ്ടായിരുന്നു. മങ്ങാട്ടുകവല ബൈപാസിലുള്ള ഉത്രം റെസിഡന്‍സിയില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
പ്രധാന കവാടം താഴിട്ടുപൂട്ടിയ ഉടമ വാഹനങ്ങള്‍ ഗേറ്റിന് കുറുകെയിടുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും, നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജും, വൈസ് ചെയര്പേഴ്സന് ജെസി ജോണിയും നഗരസഭ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിൽ ഗേറ്റ് വീണ്ടും തുറന്നുനല്‍കി. രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാക്കാമെന്ന ഉറപ്പ് നൽകിയതിനെ തുടർന്നാണ് തുറന്നത്.
2020 ജൂണ്‍ മുതല്‍ ഉത്രം റെസിഡൻസിയിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സിക്കുന്നുണ്ട്. ഓഡിറ്റോറിയങ്ങളിലും മറ്റും വിവാഹങ്ങള്‍ ആരംഭിച്ച സാഹചര്യത്തിൽ രോഗികളെ ഇവിടെ നിന്ന് മാറ്റണമെന്ന് ഉടമ പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ന്യൂമാന്‍ കോളജ് ഓഡിറ്റോറിയത്തിലേക്ക് ചികിത്സ കേന്ദ്രം മാറ്റാന്‍ ആരോഗ്യവകുപ്പിെൻറ അഭ്യര്‍ഥന പ്രകാരം നഗരസഭ നടപടികളും ആരംഭിച്ചു.
എന്നാൽ, നടപടികളുണ്ടായില്ല. ആറുമാസമായിട്ടും ഒരുരൂപ പോലും വാടക ലഭിച്ചിട്ടില്ലെന്ന് ഉടമ പറഞ്ഞു. ജനുവരി അഞ്ചിന് മാറ്റാമെന്നാണ് അധികൃതര്‍ ആദ്യം ഉറപ്പ് പറഞ്ഞിരുന്നത്. പിന്നീട് പത്തുദിവസം കൂടി കലക്ടർ നേരിട്ട് ആവശ്യപ്പെട്ടു. അദ്ദേഹത്തിെൻറ ഉറപ്പിന് പ്രകാരം ഫെബ്രുവരി 10ന് വിവാഹം നടത്തുന്നതിന് ബുക്കിങ് എടുക്കുകയും ചെയ്തു.
എന്നാല്‍, മാറാമെന്നേറ്റ സമയം കഴിഞ്ഞിട്ടും അധികൃതര്‍ പ്രതികരിച്ചില്ലെന്ന് ഉടമ സന്തോഷ് പറയുന്നു. രോഗികളെ വീണ്ടും ഇവിടേക്ക് കൊണ്ടുവന്ന സാഹചര്യത്തിലാണ് താഴിട്ട് പൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പുതിയ സ്ഥലത്തേക്ക് രോഗികളെ മാറ്റാന്‍ നഗരസഭ സജ്ജമാണെന്നും തീരുമാനമെടുക്കേണ്ടത് ആരോഗ്യ വകുപ്പാണെന്നും നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് പറഞ്ഞു.
ന്യൂമാന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലൊരുക്കിയ പുതിയ ചികിത്സ കേന്ദ്രത്തിലേക്ക് രോഗികളെ ഉടന്‍ മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു. അതേസമയം, ഉത്രം റെസിഡന്‍സിയില്‍ നിന്ന് ചികിത്സ കേന്ദ്രം പുതിയ ഇടത്തേക്ക് മാറ്റാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു. എല്ലാവിധ സൗകര്യങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്. നിലവിലെ കേന്ദ്രത്തില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കരുതെന്ന് നിർദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.