സ്വകാര്യവാഹനങ്ങൾ വാടകക്ക് കൊടുത്താൽ ‘പണി’യാകും; രജിസ്ട്രേഷൻ ഉൾപ്പെടെ റദ്ദാകും
text_fieldsകോട്ടയം: സ്വകാര്യവാഹനങ്ങൾ മറ്റ് വ്യക്തികൾക്ക് പണമോ പ്രതിഫലമോ വാങ്ങി സ്ഥിരമായി വാടകക്ക് നൽകി പണമുണ്ടാക്കാമെന്ന് വിചാരിച്ചാൽ ‘പണി’ ഉറപ്പ്. ഇത്തരത്തിൽ വാഹനങ്ങൾ നൽകുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണ്. അനധികൃതമായി വാടകക്ക് നൽകുന്ന സ്വകാര്യവാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദുചെയ്യുന്നത് ഉൾപ്പെടെ കർശനനടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത കമീഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി.
അതിനുപുറമെ, റോഡുകളിലെ പരിശോധന ശക്തമാക്കാനും പുതുവത്സരത്തലേന്ന് വാഹന പരിശോധന കർക്കശമായി നടപ്പാക്കാനും മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു.
നേരത്തേ സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത കമീഷണറുടെ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. അക്കാര്യത്തിലും വകുപ്പ് വ്യക്തത വരുത്തി. സ്വകാര്യ വാഹനങ്ങൾ വാഹനയുടമയുടെ കുടുംബാംഗങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെതന്നെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ പ്രതിഫലം വാങ്ങാതെ ഉപയോഗിക്കാൻ നൽകുന്നതിലും തെറ്റില്ല.
എന്നാൽ, സ്വകാര്യവാഹനങ്ങൾ സ്ഥിരമായി മറ്റ് വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടുനൽകുന്നതും സ്ഥിരമായി പല വ്യക്തികളുമായി യാത്ര ചെയ്യുന്നതും പരസ്യം നൽകി വാഹനങ്ങൾ വാടകക്ക് നൽകുന്നതും മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണെന്ന് വകുപ്പ് വ്യക്തമാക്കുന്നു.
എട്ട് സീറ്റിൽ കൂടുതൽ ഘടിപ്പിച്ച വാഹനങ്ങൾ തന്റെയും കുടുംബാംഗങ്ങളുടെയും മാത്രം ഉപയോഗത്തിന് വേണ്ടിയുള്ളതാണെന്ന് വാഹനയുടമ സത്യവാങ്മൂലം നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യവാഹനമായി രജിസ്റ്റർ ചെയ്ത് നൽകുന്നത്. ഇത്തരം വാഹനങ്ങൾ എന്ത് ആവശ്യത്തിനായാലും മറ്റുള്ളവരുടെ ഉപയോഗത്തിന് വിട്ടുനൽകുന്നത് നിയമവിരുദ്ധമാണ്. സ്വകാര്യ കാറുകൾ വാടകക്ക് നൽകാൻ (റെന്റ് എ കാർ) നിയമം അനുവദിക്കുന്നില്ല.
എന്നാൽ, മോട്ടോർ വാഹന നിയമപ്രകാരം റെന്റ് എ ക്യാബ് എന്ന നിയമാനുസൃത സംവിധാനം വഴി വാഹനങ്ങൾ വാടകക്ക് നൽകാൻ അനുമതിയുണ്ട്. ഇത്തരത്തിൽ വാഹനങ്ങൾ വാടകക്ക് നൽകുന്നതിന് ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ അമ്പതിൽ കുറയാത്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും നിയമപ്രകാരം ആവശ്യമാണെന്ന് വകുപ്പ് വ്യക്തമാക്കുന്നു.
അതുപോലെ, മോട്ടോർ സൈക്കിളുകൾ വാടകക്ക് നൽകാൻ റെന്റ് എ മോട്ടോർസൈക്കിൾ എന്ന സ്കീം പ്രകാരമുള്ള ലൈസൻസും നിയമപ്രകാരം അനുവദനീയമാണ്. റെന്റ് എ മോട്ടോർസൈക്കിൾ സ്കീമിൽ ലൈസൻസിന് അപേക്ഷിക്കുന്നതിന് ചുരുങ്ങിയത് അഞ്ച് മോട്ടോർ സൈക്കിൾ ട്രാൻസ്പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്തിരിക്കണം എന്നാണ് വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.