പേഴ്സനൽ സ്റ്റാഫിന് പെൻഷൻ ഉറപ്പാക്കി പുനഃസംഘടന തകൃതി
text_fieldsതിരുവനന്തപുരം: മന്ത്രിസഭയിൽ മാത്രമല്ല, മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫുകൾക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉറപ്പാക്കി പുനഃസംഘടനയും തകൃതി. രണ്ട് വർഷവും ഒരുദിവസവും എന്ന കടമ്പ കടന്നാൽ പേഴ്സനൽ സ്റ്റാഫംഗങ്ങളെ മാറ്റി പാർട്ടി നിർദേശിക്കുന്ന പുതിയ ആളുകളെ നിയമിക്കുകയാണ്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പാചകക്കാരനായ പേഴ്സനൽ സ്റ്റാഫിനെ വിടുതൽ നൽകിയുള്ള ഉത്തരവാണ് ഏറ്റവും അവസാനത്തേത്. രണ്ട് മന്ത്രിമാരെ മാറ്റിയതിലൂടെ 50ഓളം സ്റ്റാഫിനെ പുതുതായി നിയമിക്കാനും പഴയ മന്ത്രിമാരുടെ അത്ര തന്നെ സ്റ്റാഫിന് സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങളോടെ വിരമിക്കാനും അവസരമൊരുക്കിയതിന് പിന്നാലെയാണിത്.
മന്ത്രി ശിവൻകുട്ടിയുടെ സ്റ്റാഫിൽ ജെ.എസ്. ദീപക്കിനെ 2021 ആഗസ്റ്റ് 28നാണ് പാചകക്കാരനായി നിയമിച്ചത്. രണ്ട് വർഷവും നാല് മാസവും പൂർത്തിയായതോടെയാണ് ഡിസംബർ 28ന് പൊതുഭരണവകുപ്പ് ഇദ്ദേഹത്തെ തസ്തികയിൽനിന്ന് ഒഴിവാക്കി ഉത്തരവിറക്കിയത്. ജനുവരി ഒന്നുമുതൽ പുതിയൊരാളെ പാചകക്കാരനായി നിയമിക്കുന്നതോടെ രണ്ടുപേർക്ക് ആജീവനാന്ത പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭിക്കും.
അര ലക്ഷം രൂപക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന പേഴ്സനല്‍ സ്റ്റാഫ് നിയമനത്തില്‍ രാഷ്ട്രീയം മാത്രമാണ് മാനദണ്ഡം. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മന്ത്രിമാരുടെ സ്റ്റാഫ് രണ്ട് വിഭാഗമാണ്. പേഴ്സനല്‍ സ്റ്റാഫ് ഉള്‍പ്പെടുന്ന ‘എ’ വിഭാഗത്തില്‍ 17 പേരെയും ശിപായി, തോട്ടക്കാരന്, പാചകക്കാരൻ തുടങ്ങിയവരടങ്ങുന്ന ‘ബി’ വിഭാഗത്തില്‍ 13 പേരെയുമാണ് നിയമിക്കാനാകുക.
അടിത്തട്ടിലുള്ള തസ്തികകളായ പാചകക്കാരനും ശിപായിയും തോട്ടക്കാരനും രണ്ട് വർഷവും ഒരുദിവസവും പൂർത്തിയാക്കിയാൽ മൂന്ന് വർഷത്തെ സർവിസ് കണക്കാക്കി 3350 രൂപ സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയുണ്ട്. ഇത് നാല് വർഷമാക്കണമെന്ന പേ കമീഷൻ ശിപാർശ അംഗീകരിക്കാതെ പാർട്ടിക്കാരെ നിയമിക്കാനുള്ള ലാവണമാക്കി സംരക്ഷിച്ചിരിക്കുകയാണ്.
ഒന്നര ലക്ഷത്തോളം ജീവനക്കാർ 2013 ഏപ്രിൽ മുതൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് കീഴിലാണെങ്കിലും രാഷ്ട്രീയം മാത്രം മാനദണ്ഡമാക്കിയുള്ള പേഴ്സനൽ സ്റ്റാഫിന് സ്റ്റാറ്റ്യൂട്ടറി പെൻഷനാണ്. പേഴ്സനൽ സ്റ്റാഫിന് പെൻഷൻ നൽകാൻ മാത്രം വർഷം എട്ട് കോടി രൂപയാണ് ബജറ്റിലുള്ളത്. ടെർമിനൽ സറണ്ടർ, ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ തുടങ്ങി സർക്കാർ ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യവും പുറമെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.