പുനഃസംഘടന തർക്കം: സുധാകരനും ഹസനും മുഖാമുഖം കൈയടി കടുത്തു
text_fieldsതിരുവനന്തപുരം: കോൺഗ്രസിൽ ബ്ലോക്ക് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിനെച്ചൊല്ലി ഉരുണ്ടുകൂടിയ അനൈക്യം മുതിര്‍ന്ന നേതാക്കള്‍ തമ്മിലെ തുറന്ന പോരിലേക്ക്. സംസ്ഥാന ഘടകത്തിലെ ഐക്യം നഷ്ടപ്പെടുത്തിയത് ആരെന്നതിനെച്ചൊല്ലിയാണ് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും നേർക്കുനേർ കലഹിക്കുന്നത്.
പുനഃസംഘടിപ്പിച്ച ബ്ലോക്ക് പ്രസിഡന്റുമാരുടെ പരിശീലന ശില്പശാല തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് കൊമ്പുകോർക്കൽ. ഇതോടെ കോൺഗ്രസിലെ പുനഃസംഘടന തർക്കം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ശിൽപശാല ഉദ്ഘാടനം ചെയ്യാൻ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ തിങ്കളാഴ്ച തലസ്ഥാനത്തെത്തുന്നുണ്ടെങ്കിലും ഒറ്റയടിക്ക് പ്രശ്നപരിഹാരത്തിന് സാധ്യത ഉരുത്തിരിയുന്നില്ല. താരീഖ് അന്‍വര്‍ മാത്രമല്ല ഹൈകമാന്ഡെന്ന് ഹസൻ വ്യക്തമാക്കിയിരിക്കെ തർക്കം ഡൽഹിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് മറുപക്ഷം.
പുനഃസംഘടന പ്രശ്നങ്ങള്‍ പരസ്പരവിശ്വാസവും ഐക്യവും നഷ്ടപ്പെടുത്തിയെന്ന് എം.എം. ഹസന് വാർത്തസമ്മേളനത്തിൽ തുറന്നടിച്ചു. എന്നാൽ, ഐക്യവും പരസ്പര വിശ്വാസവും അട്ടിമറിച്ചത് ‘ഞങ്ങളല്ല, അവരാണെ’ന്നായിരുന്നു, എ, ഐ ഗ്രൂപ് നേതൃത്വങ്ങളെ ഉന്നംവെച്ച് കെ. സുധാകരന്റെ തിരിച്ചടി. ആഭ്യന്തര പ്രശ്നങ്ങള്‍ മാധ്യമങ്ങൾക്കു മുന്നിലെത്തിച്ചത് തങ്ങളല്ലെന്നും ഒരു വാർത്തസമ്മേളനവും ഞങ്ങള്‍ നടത്തിയിട്ടില്ലെന്നും ഇത് പക്വതകെട്ട സമീപനമാണെന്നും സുധാകരന് ആഞ്ഞടിച്ചു.
സുൽത്താൻ ബത്തേരിയിൽ നടന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിലുണ്ടാക്കിയ ഐക്യത്തിന് മങ്ങലേറ്റെന്നാണ് എ ഗ്രൂപ് നേതാവുകൂടിയായ എം.എം. ഹസന് പറഞ്ഞുവെച്ചത്. ‘‘ഐക്യം നഷ്ടപ്പെടാന്‍ കാരണക്കാരായവരുമായി ചര്‍ച്ച നടത്തിയിട്ടുകാര്യമില്ല. ഐക്യം പുനഃസ്ഥാപിക്കാന്‍ ഹൈകമാന്ഡിനേ കഴിയൂ. താരീഖ് അന്‍വര്‍ മാത്രമല്ല ഹൈകമാന്‍ഡ്. എന്നാല്‍, അദ്ദേഹം വിളിച്ചാല്‍ ചര്‍ച്ചക്ക് പോകും’’ -ഹസന് വ്യക്തമാക്കി.
വി.ഡി. സതീശനും സുധാകരനുമെതിരെ നീക്കം നടത്തിയിട്ടില്ലെന്ന് പറഞ്ഞ ഹസന്, പാര്‍ട്ടിയില്‍ ഗൗരവമേറിയ പ്രശ്നമുണ്ടെന്നും തന്നോടും ചെന്നിത്തലയോടും ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്നും ആരോപിച്ചു.
എന്നാല്‍, പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തയാറായില്ല. കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടെങ്കിലും ഇതുസംബന്ധിച്ച ചോദ്യങ്ങളോട് ‘നോ കമന്റ്സ്’ എന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.