പുനഃസംഘടന: കോണ്‍ഗ്രസിൽ വടംവലി മുറുകുന്നു
text_fieldsതിരുവനന്തപുരം: പുനഃസംഘടനയെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസിൽ സംഘടന നേതൃത്വവും ഗ്രൂപ്നേതൃത്വങ്ങളും തമ്മിലുള്ള വടംവലി മുറുകുന്നു. പാർട്ടിയിലെ ശേഷിക്കുന്ന പുനഃസംഘടനയുമായി മുന്നോട്ടുപോകുമെന്ന നേതൃത്വത്തിെൻറയും സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന നിർത്തിെവക്കണമെന്ന ഗ്രൂപ്പുകളുടെയും നിലപാടാണ് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയത്. പുനഃസംഘടന നിർത്തിെവക്കണമെന്ന ആവശ്യവുമായി സംയുക്തമായി ഹൈകമാന്‍ഡിനെ സമീപിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം.
അതിെൻറ ഭാഗമായി മുൻകൂട്ടി അനുമതി വാങ്ങി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടുത്തയാഴ്ച ഡൽഹിയിലെത്തി പാർട്ടി ഹൈകമാൻഡിനെ നിലപാട് അറിയിക്കും.തെരഞ്ഞെടുപ്പിെന സംയുക്തമായി നേരിട്ട് നിലവിലെ നേതൃത്വത്തെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യവുമായാണ് ഗ്രൂപ്പുകള്‍ നീങ്ങുന്നത്. അതിനായി പ്രവർത്തകരെ ഒപ്പം നിർത്തുകയെന്ന ലക്ഷ്യത്തോടെ ഗ്രൂപ് യോഗങ്ങളും തുടങ്ങിക്കഴിഞ്ഞു.പുനഃസംഘടന പൂർത്തീകരിച്ച് െതരഞ്ഞെടുപ്പ് വഴിപാട് മാത്രമാക്കി മാറ്റാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന പരാതി ഗ്രൂപ്പുകൾക്കുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് നടത്തുന്നത് സംഘടനാ സംവിധാനമല്ലെന്നും സംഘടനയെ ചലനാത്മകമാക്കാനാണ് പുനഃസംഘടനയെന്നുമാണ് നേതൃത്വത്തിെൻറ നിലപാട്. പുനഃസംഘടന നടത്താൻ ഹൈകമാൻഡ് അനുമതിയുണ്ടെന്നും പാർട്ടിയുടെ സുപ്രധാന നയരൂപവത്കരണ സമിതിയായ നിർവാഹകസമിതിയും 14 ജില്ല പ്രസിഡൻറുമാരും അതിനെ പിന്തുണച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു. ഗ്രൂപ്പുകൾ എതിർക്കുന്നുണ്ടെങ്കിലും പുനഃസംഘടനാ നടപടികളുമായി സംസ്ഥാന നേതൃത്വം മുന്നോട്ടുപോകുകയാണ്.
ഇക്കാര്യത്തിൽ ഹൈകമാൻഡിെൻറ അനുമതിയുള്ളതിനാൽ ഗ്രൂപ്പുകളെ ഭയന്ന് മടിച്ചുനിൽക്കേണ്ടെന്ന നിലപാടിലുമാണ് നേതൃത്വം. ഇൗ സാഹചര്യത്തിലാണ് എതിർപ്പ് ഹൈകമാൻഡിനെ അറിയിച്ച് പുനഃസംഘടനക്ക് തടയിടാൻ ഗ്രൂപ്പുകൾ തീരുമാനിച്ചിരിക്കുന്നത്. അതിനിടെ, തങ്ങളുമായി സഹകരിച്ചുനില്ക്കുന്ന നേതാക്കൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്ന നേതൃത്വത്തിെൻറ നിലപാടിനോടും ഗ്രൂപ്പുകൾക്ക് എതിർപ്പുണ്ട്. തലസ്ഥാന ജില്ലയിൽ അവരുടെ നെടുംതൂണുകളിൽ ഒരാളും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായ കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫിനെതിരായ അച്ചടക്കനടപടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.