അന്തർ സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ: ഏജൻസികളുടെ ഇടപെടലുകൾക്ക് കടിഞ്ഞാണിട്ട് തൊഴിൽ വകുപ്പ്
text_fieldsതിരുവനന്തപുരം: അന്തർ സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഏജൻസികളുടെ അനാവശ്യ ഇടപെടലുകൾക്ക് കടിഞ്ഞാണിട്ട് തൊഴിൽവകുപ്പിെൻറ പുതിയ മാർഗനിർദേശങ്ങൾ. ഏജൻസികൾ മുഖേന മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്ന നടപടി അനുവദനീയമല്ലെന്നും ആശ്രിതർ കേരളത്തിലുണ്ടെങ്കിൽ അവർ വഴിയും അല്ലാത്ത സാഹചര്യങ്ങളിൽ ജില്ല ലേബർ ഓഫിസർ നേരിട്ടും നടപടികൾ പൂർത്തിയാക്കണമെന്നുമാണ് സർക്കുലറിൽ പറയുന്നത്.
ഏജൻസികൾ മുഖേന മൃതദേഹമെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പരാതികളും ക്രമക്കേടുകളും ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നീക്കം. മൃതദേഹം നാട്ടിലെത്തിക്കാൻ 50,000 രൂപ വരെയാണ് തൊഴിൽ വകുപ്പ് അനുവദിക്കുന്നത്. ഇതുസംബന്ധിച്ച നടപടികൾ ഏറ്റെടുക്കുന്ന ഏജൻസിക്കാണ് തുക കൈമാറിയിരുന്നത്. പുതിയ മാർഗനിർദേശ പ്രകാരം മരിച്ചയാളുടെ ആശ്രിതർ ഒപ്പമുണ്ടെങ്കിൽ അവർക്കാണ് മൃതദേഹം കൈമാറേണ്ടത്. ഇവർ ചെലവ് വഹിച്ച് മൃതദേഹം നാട്ടിലെത്തിക്കുകയും പിന്നീട് രേഖകളും ബില്ലുകളും ഹാജരാക്കുമ്പോൾ 50,000 രൂപ റീ ഇമ്പേഴ്സ്മെന്‍റായി കൈമാറുകയും ചെയ്യുമെന്നാണ് സർക്കുലറിലുള്ളത്. തൊഴിലുടമ ചെലവ് വഹിക്കുന്ന ഘട്ടങ്ങളിൽ റീ ഇംമ്പേഴ്സ്മെന്‍റ് അനുവദിക്കരുതെന്നും നിർദേശമുണ്ട്. തദ്ദേശ സ്ഥാപനങ്ങളോ സർക്കാർ ഇതര ഏജൻസികളോ ചെലവ് വഹിച്ചാലും ആനുകൂല്യത്തിന് അർഹതയുണ്ടാവില്ല. ആശ്രിതരുടെ അവകാശരേഖ ലഭ്യമാകുന്നതിൽ കാലതാമസമുണ്ടാകുന്ന വിഷയത്തിൽ സർക്കാറിൽനിന്ന് മാർഗനിർദേശം ലഭിച്ചശേഷം അറിയിക്കാമെന്ന പരാമർശവും സർക്കുലറിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.