സി.ബി.ഐയുടെ ഗൂഢാലോചന വാദം പൊളിഞ്ഞു; പെരിയ ഇരട്ടക്കൊല കേസിൽ സി.പി.എമ്മിന് പങ്കില്ലെന്ന് ആവർത്തിച്ച് എം.വി. ഗോവിന്ദൻ
text_fieldsകൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേസിൽ സി.പി.എം ഗൂഢാലോചന നടത്തിയെന്ന വാദം പൊളിഞ്ഞു. പാർട്ടിക്ക് കൊലപാതകവുമായി ബന്ധമില്ല. വിധി പരിശോധിച്ച് അപ്പീൽ നൽകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
സി.പി.എം ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായി ഇരട്ടക്കൊലപാതകം നടന്നു എന്നാണ് കേസ് ഏറ്റെടുത്ത സി.ബി.ഐ വരുത്തിത്തീർക്കാൻ ശ്രമിച്ചത്. രാഷ്ട്രീയ ലക്ഷ്യം വെച്ച് പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കന്മാരെയും ഉള്‍പ്പെടുത്തി. തങ്ങള്‍ അന്നേ നിഷേധിച്ചതാണ്. രണ്ടുപേര്‍ കൊല്ലപ്പെട്ടത് പാര്‍ട്ടി ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായല്ലെന്നാണ് അന്നും, ഇന്ന് കോടതിവിധി വന്നതിന്റെ പശ്ചാത്തലത്തിലും പറയാനുള്ളതെന്നും ഗോവിന്ദന്‍ പറഞ്ഞു.
മുൻ എം.എൽ.എ കുഞ്ഞിരാമനുള്‍പ്പെടെയുള്ളവരുടെ കുറ്റം പൊലീസിന്റെ അന്വേഷണം തടസ്സപ്പെടുത്തി എന്നുള്ളതാണ്. യഥാര്‍ഥത്തില്‍ പൊലീസ് അന്വേഷണത്തെ സഹായിക്കുകയാണ് അവർ ചെയ്തത്. അന്വേഷണം തടസ്സപ്പെടുത്തി എന്നാണ് വിധി വന്നിരിക്കുന്നത്. അതുകൊണ്ടാണ് രണ്ടുതരത്തിലുള്ള വിധി വന്നത്. ഇത് അവസാനത്തെ വാക്കല്ലെന്നും ഉയര്‍ന്ന കോടതികളെ ഇക്കാര്യം ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
സി.പി.എമ്മിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിച്ച നിലപാടിനെ ഫലപ്രദമായി ചെറുക്കും. പൊലീസ് കണ്ടെത്തിയത് തന്നെയാണ് സി.ബി.ഐയും കണ്ടെത്തിയത്. അതിന് പുറമേ രാഷ്ട്രീയ ലക്ഷ്യം വെച്ച് പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കന്മാരെയും ഉള്‍പ്പെടുത്തി എന്നുമാത്രമേയുള്ളൂ. അവരെ കേസിന്റെ ഭാഗമാക്കാന്‍ സാധിച്ചിട്ടില്ല. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ പാര്‍ട്ടി അന്നുതന്നെ സംഘടനാപരമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
സി.ബി.ഐ കോടതി വിധി അന്തിമം അല്ലെന്നായിരുന്നു എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പ്രതികരണം. സി.ബി.ഐയുടെ ഗൂഢാലോചന വാദം പൊളിഞ്ഞു. സി.ബി.ഐ അടക്കം വന്ന് കൂടുതൽ പേരെ പ്രതിചേർത്തു. പാർട്ടിയെ കളങ്കപ്പെടുത്താനായിരുന്നു അത്തരത്തിലുള്ള നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കെടുത്ത സി.പി.എം പ്രവർത്തകരായ ഒന്നുമുതൽ എട്ടുവരെ പ്രതികൾക്കും ഗൂഡാലോചനയിൽ പങ്കെടുത്ത 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. മുൻ എം.എൽ.എയും സി.പി.എം നേതാവുമായ കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠനുമടക്കം നാലു സി.പി.എം നേതാക്കൾക്ക് അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥനാണ് കുറ്റക്കാർക്കുള്ള ശിക്ഷ വിധിച്ചത്.
കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് 2024 ഡിസംബർ 28ന് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഇരട്ടക്കൊലപാതകത്തിൽ സി.പി.എം ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ഡി.വൈ.എഫ്.ഐ. നേതാവ് കെ. മണികണ്ഠൻ, പാക്കം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരാണ് കുറ്റക്കാർ. ഒന്നുമുതൽ എട്ടുവരെ പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായതായി കോടതി കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.