Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബഫർ സോൺ സംബന്ധിച്ച...

ബഫർ സോൺ സംബന്ധിച്ച റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു; ജനങ്ങൾക്ക് പരിശോധിച്ച് പരാതി നൽകാം

text_fields
bookmark_border
Buffer Zone Survey
cancel

തിരുവനന്തപുരം: ബഫർ സോൺ സംബന്ധിച്ച് കേന്ദ്ര സർക്കാരിന് കൈമാറിയ റിപ്പോർട്ടും ഭൂപടവും സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചു. കേരള സർക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ റിപ്പോർട്ടും ഭൂപടവും (വെബ്സൈറ്റ് ലിങ്ക്: https://www.kerala.gov.in/subdetail/MTAzNDg5MDcyLjI4/MjIwNjM2NjAuMDg=) ലഭ്യമാണ്. ബഫർ സോണിനെ കുറിച്ചുള്ള വിവരങ്ങൾ പരിശോധിച്ച് ജനങ്ങൾക്ക് പരാതി നൽകാവുന്നതാണ്.

2021ൽ കേരള സർക്കാർ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടും 22 സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഭൂപടവുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജനവാസ മേഖല - വയലറ്റ്, പരിസ്ഥിതിലോല മേഖല - പിങ്ക്, വനമേഖല - പച്ച, വാണിജ്യ സ്ഥാപനങ്ങൾ - ചുമപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ - നീല, പഞ്ചായത്തുകൾ -കറുപ്പ്, ഓഫീസുകൾ- ബ്രൗൺ, ആരാധനാലയങ്ങൾ - മഞ്ഞ എന്നീ നിറങ്ങളിലാണ് വിവിധ മേഖലകളെ ഭൂപടത്തിൽ സൂചിപ്പിച്ചിട്ടുള്ളത്.

പരിസ്ഥിതിലോല മേഖലകളിൽ നേരിട്ട് പരിശോധനക്കും വിവരശേഖരണത്തിനും വിപുലമായ ക്രമീകരണങ്ങളൊരുക്കാൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ റിപ്പോർട്ടും ഭൂപടവും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. വനം വകുപ്പ് തയാറാക്കിയ ഈ മാപ് പൊതുജനങ്ങള്‍ക്ക് കാണാനായി എല്ലാ വാര്‍ഡിലും വായനശാല, അംഗൻവാടി, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലബുകള്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

കരട് ഭൂപടത്തില്‍ ഏതൊക്കെ സര്‍വേ നമ്പറുകള്‍ വരുമെന്ന വിവരവും ഒരാഴ്ചക്കുള്ളില്‍ വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ഈ ഭൂപടത്തിൽ ഏതെങ്കിലും ജനവാസ കേന്ദ്രം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് രേഖപ്പെടുത്താനുള്ള സമയം നല്‍കും. അത്തരം അധിക വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സമയം ജനുവരി ഏഴു വരെ നീട്ടി. ഇതിനായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് തല ഹെല്‍പ് ഡെസ്ക് രൂപവത്കരിച്ചു.

അധിക വിവരങ്ങള്‍ നിശ്ചിത മാതൃകയിലാണ് നല്‍കേണ്ടത്. ഹെല്‍പ് ഡെസ്ക്കുകളില്‍ നിന്നും കേരള സര്‍ക്കാറിന്‍റെ വെബ്സൈറ്റില്‍ നിന്നും ഈ മാതൃക ലഭിക്കും. വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് eszexpertcommittee@gmail ഇ-മെയില്‍ വിലാസത്തിലും ഹെല്‍പ് ഡെസ്ക്കുകളില്‍ നേരിട്ടും നല്‍കാം.

മൊബൈല്‍ ആപ് ഉപയോഗിച്ച് ഒരോ നിര്‍മിതിയുടെയും ജനവാസകേന്ദ്രത്തിന്‍റെയും കൃഷിയിടത്തിന്‍റെയും ജിയോ ടാഗിങ് നടത്തണം. ക്ലബുകള്‍, വായനശാലകള്‍, ഒഴിഞ്ഞ കടകള്‍ എന്നിവ കേന്ദ്രീകരിച്ച് ക്യാമ്പ് ഓഫിസുകളായി ഹെല്‍പ് ഡെസ്ക്കുകള്‍ ക്രമീകരിക്കാം.

വാഹനം ഉപയോഗിച്ച് മൊബൈല്‍ ഹെല്‍പ് ഡെസ്ക് സജ്ജമാക്കാമോ എന്നും പരിശോധിക്കും. മൈക്ക് അനൗണ്‍സ്മെന്‍റ് കൂടി ഇതേ വാഹനത്തില്‍ സജ്ജീകരിക്കാം. ഫീൽഡ് പഠനത്തിന് എല്ലാതരം നിര്‍മിതികളും ഉള്‍പ്പെടുത്തുന്നതിനുള്ള വ്യക്തമായ നിര്‍ദേശം നല്‍കി. പശുത്തൊഴുത്തോ ഏറുമാടമോ കാത്തിരിപ്പുകേന്ദ്രമോ പുല്‍മേഞ്ഞതോ അല്ലാത്തതോ ആയ എല്ലാ തരത്തിലുമുള്ള നിര്‍മിതികളും ഉള്‍ക്കൊള്ളിക്കും.

സംഘടനകളും മറ്റ് കൂട്ടായ്മകളും നല്‍കുന്ന വിവരങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കുകയും പരിശോധനക്കായി വാര്‍ഡ് തല ഹെല്‍പ് ഡെസ്ക്കിന് കൈമാറുകയും ചെയ്യും. ലഭ്യമായ അധിക വിവരങ്ങള്‍ ഉള്‍പ്പെടുത്തി വനംവകുപ്പ് വീണ്ടും മാപ് പുതുക്കും. പുതുക്കിയ മാപ് തദ്ദേശസ്ഥാപനത്തില്‍ രൂപവത്കരിക്കുന്ന സര്‍വകക്ഷി സമിതി പരിശോധിക്കും.

ഇതിന്‍റെ കൂടി അടിസ്ഥാനത്തില്‍ വനംവകുപ്പ് അന്തിമ കരട് റിപ്പോര്‍ട്ട് തയാറാക്കും. ജില്ല തലത്തില്‍ കലക്ടറും ജില്ല ആസൂത്രണസമിതി അധ്യക്ഷനെന്ന നിലയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റും വനം-തദ്ദേശ-റവന്യൂ ജില്ല മേധാവികളും അംഗങ്ങളായി ഒരു മേല്‍നോട്ട സമിതി രൂപവത്കരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buffer zonekerala govt
News Summary - Report and map published on buffer zone; People can check and complain
Next Story