മാമി കേസിലെ റിപ്പോർട്ട് ആരോപണ വിധേയനായ എ.ഡി.ജി.പി മുഖേന; ഡി.ജി.പിക്ക് അതൃപ്തി
text_fieldsകോഴിക്കോട്: റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂർ (മാമി) തിരോധാന കേസിന്റെ അന്വേഷണ റിപ്പോർട്ട് ആരോപണവിധേയനായ എ.ഡി.ജി.പി മുഖേന അയച്ചതിൽ അതൃപ്തിയുമായി ഡി.ജി.പി. മാമി കേസ് അട്ടിമറിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ കൂട്ടുനിന്നെന്ന ആരോപണം പി.വി. അൻവർ എം.എൽ.എ ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കേസന്വേഷണ റിപ്പോർട്ട് എ.ഡി.ജി.പി വഴി അയക്കുന്നത് ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് വിലക്കിയത്. പകരം ഡി.ഐ.ജി, ഐ.ജി എന്നിവർ മുഖേന റിപ്പോർട്ട് നൽകാനായിരുന്നു നിർദേശിച്ചത്. എന്നാൽ, കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന മലപ്പുറം മുൻ എസ്.പി എസ്. ശശിധരൻ കോഴിക്കോട് സിറ്റി പൊലീസ് മേധാവി ടി. നാരായണൻ മുഖേന എ.ഡി.ജി.പി വഴിയാണ് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്.
സംഭവത്തിൽ അതൃപ്തി അറിയിച്ച ഡി.ജി.പി ഇരുവരോടും വിശദീകരണം തേടിയതായാണ് വിവരം. മാമി കേസ് അന്വേഷണത്തിന് കോഴിക്കോട്ടെ പൊലീസ് മേധാവിയെ ഒഴിവാക്കി മലപ്പുറം എസ്.പിക്ക് ചുമതല നൽകിയാണ് എം.ആർ. അജിത് കുമാർ അന്വേഷണസംഘം രൂപവത്കരിച്ചത്.
ഇത് തുടക്കത്തിൽതന്നെ മാമിയുടെ കുടുംബവും ആക്ഷൻ കമ്മിറ്റിയും ചോദ്യം ചെയ്തിരുന്നു. മാത്രമല്ല, കേസ് ആദ്യം അന്വേഷിച്ച നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിനെ പുതിയ സംഘത്തിൽനിന്ന് ഒഴിവാക്കണമെന്ന കുടുംബത്തിന്റെ ആവശ്യവും എ.ഡി.ജി.പി പരിഗണിച്ചിരുന്നില്ല.
ഇത് വിവാദമായി നിൽക്കവെയായിരുന്നു എ.ഡി.ജി.പിക്കെതിരെ കൊന്നെന്നും കൊലക്ക് കൂട്ടുനിന്നെന്നുമടക്കം ഗുരുതര ആരോപണമുന്നയിച്ച് പി.വി. അൻവർ രംഗത്തുവന്നത്. ഇതോടെ അന്വേഷണസംഘം തന്നെ സംശയനിഴലിലായി.
ഇതിനിടെയാണ് കേസ് സി.ബി.ഐക്ക് വിടുന്നതാകും ഉചിതമെന്ന മലപ്പുറം എസ്.പിയുടെ റിപ്പോർട്ട് എ.ഡി.ജി.പി മുഖേന ഡി.ജി.പിക്ക് പോയത്. പിന്നാലെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടാണ് ഉത്തരവിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട നടപടിയിലാണ് ഡി.ജി.പി അതൃപ്തി അറിയിച്ചത്.
ക്രൈംബ്രാഞ്ച് റംലയുടെ മൊഴിയെടുത്തു
കോഴിക്കോട്: ക്രൈംബ്രാഞ്ച് സംഘം മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഭാര്യ റംലയുടെ മൊഴിയെടുത്തു. ഡിവൈ.എസ്.പി യു. പ്രേമന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം റംലയുടെ വൈ.എം.സി.എ ക്രോസ് റോഡിലെ ഫ്ലാറ്റിലെത്തിയാണ് മൊഴിയെടുത്തത്.
ശനിയാഴ്ച രാവിലെ ഒമ്പതിന് തുടങ്ങിയ മൊഴിയെടുപ്പ് വൈകീട്ട് മൂന്നുവരെ തുടർന്നു. നേരത്തേ ലോക്കൽ പൊലീസിന് നൽകിയ മൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങൾതന്നെയാണ് വീണ്ടും ചോദിച്ചറിഞ്ഞത്. ക്രൈംബ്രാഞ്ച് സംഘം മകൾ അദീബ നൈനയുടെ മൊഴിയെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.