കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ വൻ ക്രമക്കേടെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) വൻ ക്രമക്കേടെന്ന് റിപ്പോർട്ട്. സൊസൈറ്റിക്ക് ലഭിക്കേണ്ട വരുമാനം ചില ഉദ്യോഗസ്ഥർ സ്വന്തം ആവശ്യത്തിനായി വിനിയോഗിക്കുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എച്ച്.ആർ.ഡബ്ല്യു.എസ്. അവിടെ സാമ്പത്തിക കാര്യങ്ങളിൽ ഉൾപ്പെടെ ക്രമക്കേടുകൾ നടക്കുന്നതായി ആരോപിച്ച് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ധനകാര്യ വിഭാഗം പരിശോധന നടത്തിയത്.
ലഭ്യമായ സൗകര്യങ്ങൾക്ക് അനുസൃതമായി ലഭിക്കേണ്ട വരുമാനത്തിന് ആനുപാതികമായ വരുമാനം സൊസൈറ്റിക്ക് ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് പരിശോധനയിൽ വ്യക്തമായി. സൊസൈറ്റിയുടെ വരുമാനത്തിൽ ഗണ്യമായ ചോർച്ച ഉണ്ടാകുന്നുവെന്നും കണ്ടെത്തി. ഈ സാഹര്യത്തിൽ എച്ച്.ആർ.ഡബ്ല്യു.എസിലെ പണമിടപാടുകൾ ഇ-ട്രാൻസ്ഫർ നടത്തുന്നതിനുള്ള സാധ്യത ഭരണവകുപ്പ് പരിശോധിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
നിശ്ചിത യോഗ്യത ഇല്ലാത്ത ജീവനക്കാരെ പല തസ്തികകളിലും നിയോഗിക്കുകയും യോഗ്യതയുള്ള ജീവനക്കാരെ പരിഗണിക്കാതെ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കുന്ന നിശ്ചിത യോഗ്യത ഇല്ലാത്ത ജീവനക്കാരെ പ്രധാന സ്ഥാനങ്ങളിൽ അവരോധിക്കുകയും ചെയ്ത സംവിധാനമാണ് നിലനിൽക്കുന്നത്.
സാമ്പത്തികാപഹരണം നടത്തി പിടിക്കപ്പെടുകയും, തുടർന്ന് സ്വന്തം സ്വാധീനമുപയോഗിച്ച് ജോലിയിൽ തുടരുന്ന വിചിത്രമായ അവസ്ഥയും സൊസൈറ്റിയിലുണ്ട്. എച്ച്.ആർ.ഡബ്ല്യു.എസ് കീഴിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിച്ചുവരുന്ന എ.സി.ആർ ലാബിലെ പരിശോധനയിൽ ലാബിന്റെ വരുമാനമായ ഏകദേശം എട്ട് ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിക്കാതെ കാഷ്യർ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചത് പരിശോധനയിൽ കണ്ടെത്തി.
അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തതിനെ തുടർന്ന് ഇയാളെ സേവനത്തിൽ നിന്നും സസ്പെന്റ് ചെയ്തു. വരുമാനത്തിൽ ഗണ്യമായ ചോർച്ച തടയണമെന്നും നിർദേശിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികൾക്ക് ആവശ്യമായ അനുബന്ധ സേവനങ്ങൾ (പേ വാർഡുകൾ, ലാബുകൾ, സ്കാനിംഗ് യൂനിറ്റുകൾ മുതലായവ) ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ചാരിറ്റബിൾ സൊസൈറ്റീസ് പ്രകാരം എച്ച്.ആർ.ഡബ്ല്യു.എസ് രൂപവത്കരിച്ചത്.
സൊസൈറ്റിക്ക് വിവിധ സ്രോതസുകളിൽ നിന്നും പ്രതിവർഷം 50 കോടിയിൽ അധികം രൂപ വരുമാനമായി ലഭിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 70 സർക്കാർ ആശുപത്രികളിലായി എച്ച്.ആർ.ഡബ്ല്യു.എസിന്റെ ഉടമസ്ഥതയിൽ 1743 പേവാർഡുകൾ നിലവിലുണ്ട്. അതോടൊപ്പം, ലാബുകൾ, സ്കാനിംഗ് യൂനിറ്റുകൾ തുടങ്ങി 70ൽ അധികം സ്ഥാപനങ്ങൾ വിവിധ സർക്കാർ ആശുപത്രികളോടനുബന്ധിച്ച് എച്ച്.ആർ.ഡബ്ല്യു.എസിന്‍റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
മിക്ക സർക്കാർ ആശുപത്രി കോമ്പൗണ്ടുകളിലും എച്ച്.ആർ.ഡബ്ല്യു.എസിന് സ്വന്തം ചെലവിൽ കെട്ടിടം നിർമിച്ച് വാടക ഈടാക്കുന്നു. പേവാർഡ് സേവനം ജനങ്ങൾക്ക് ലഭ്യമാക്കുന്നു. ഈ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും സൊസൈറ്റി നേരിട്ടാണ് നടത്തുന്നത്. സൊസൈറ്റിയിലെ പണചോർച്ച തടയുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.