വടക്കഞ്ചേരി അപകടം: കെ.എസ്.ആർ.ടി.സിക്കും പങ്കെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: വടക്കഞ്ചേരി വാഹനാപകടത്തില്‍ കെ.എസ്.ആര്‍.ടി.സിക്കും പങ്കുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട്. അപകടത്തില്‍പെട്ട സൂപ്പര്‍ഫാസ്റ്റ് ബസ് ദേശീയപാതയിലെ വളവില്‍ നിര്‍ത്തി യാത്രക്കാരനെ ഇറക്കിയിരുന്നു. ഇതിനു ശേഷം മുന്നോട്ട് നീങ്ങുമ്പോഴാണ് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയതെന്നും അപകട തീവ്രത വർധിപ്പിക്കാൻ ഇത് കാരണമായെന്നും അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബസിലെ ജി.പി.എസില്‍ നിന്നുള്ള വിവരങ്ങള്‍, നിരീക്ഷണ കാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഡ്രൈവർ റോഡിന് നടുവിൽ കെ.എസ്.ആർ.ടി.സി ബസ് നിർത്തിയെന്നും ഇത് അനധികൃതമായ നിർത്തലിന്‍റെ പരിധിയിൽ വരുന്നതാണെന്നും അപകടത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും പങ്കുണ്ടെന്നും നേരത്തേ നാറ്റ്പാക്കും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാകുന്ന വിധത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് റോഡില്‍ നിര്‍ത്തിയത് തെറ്റാണെങ്കിലും അപകടത്തിന്റെ പ്രധാന കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണെന്ന് മോട്ടോർ വാഹനവകുപ്പ് അടിവരയിടുന്നു. വലത് ട്രാക്കിലൂടെ നീങ്ങിയ കാറിനെയും ഇടത് ട്രാക്കിലൂടെ നീങ്ങിയ കെ.എസ്.ആര്‍.ടി.സി ബസിനെയും വളവില്‍വെച്ച് ഒരേസമയം മറികടക്കാന്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ശ്രമിച്ചതും അപകടത്തിനിടയാക്കി. വേഗക്കൂടുതല്‍ കാരണം വളവ് തിരിയാന്‍ കൂടുതല്‍ സ്ഥലമെടുത്തത് കണക്കുകൂട്ടല്‍ തെറ്റിച്ചു. ഈ സമയം ടൂറിസ്റ്റ് ബസ് 97.7 കിലോമീറ്ററായിയിരുന്നു വേഗം. വേഗക്കൂടുതല്‍ കാരണം ടൂറിസ് ബസ് ഡ്രൈവര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്നില്‍ തട്ടാതെ മാറ്റിയെടുക്കാനുള്ള സാവകാശം ലഭിച്ചില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വടക്കഞ്ചേരി അപകടത്തിന്റെ പ്രധാന കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവർ തന്നെയാണെന്നാണ് നാറ്റ്പാക്കും കണ്ടെത്തിയത്. ടൂറിസ്റ്റ് ഡ്രൈവറുടെ അശ്രദ്ധയും നിരുത്തരവാദപരവുമായ ഡ്രൈവിങ്ങുമാണ് അപകടത്തിനിടയാക്കിയത്. അശ്രദ്ധമായ ഡ്രൈവിങ് ആഘാതത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചു. മുന്നിലേക്ക് കയറാൻ മതിയായ ഇടമുണ്ടോയെന്നുപോലും നോക്കാതെ കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിച്ചു. ഡ്രൈവിങ്ങിന്‍റെ അടിസ്ഥാന തത്ത്വങ്ങൾ പോലും ടൂറിസ്റ്റ് ബസ് ഡ്രൈവർ പാലിച്ചിട്ടില്ലെന്നും നാറ്റ്പാക് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.