രജിസ്ട്രേഷൻ ഐ.ജിയുടെ കാര്യാലയത്തിൽ ഉദ്യോഗസ്ഥരുടെ പൊതു സ്ഥലംമാറ്റത്തിന് മാർഗനിർദേശം പാലിക്കണമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന്റെ (ഐ.ജി) കാര്യാലയത്തിൽ ഉദ്യോഗസ്ഥരുടെ പൊതു സ്ഥലംമാറ്റത്തിന് സർക്കാർ മാർഗനിർദേശം പാലിക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റവും നിയമനവും സംബന്ധിച്ച് 2017 ഫെബ്രുവരി 25ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഉത്തരവിലെ മാനദണ്ഡങ്ങൾക്കും മാർഗനിർദേശങ്ങൾക്കും അനുസരിച്ചാണ് കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ പൊതു സ്ഥലംമാറ്റവും നിയമനവും നടത്തേണ്ടത്. എന്നാൽ ഇക്കാര്യത്തിൽ മാർഗനിദേശങ്ങൾ ലംഘിക്കുന്നതായി പരാതി ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
മൂന്ന് ഉദ്യോഗസ്ഥർ നാല് വർഷത്തിലധികമായി വിവിധ തസ്തികകളിലായി ഇതേ കാര്യലയത്തിൽ ജോലി ചെയ്യുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ ഉദ്യോഗസ്ഥർ പ്ലാൻ ഫണ്ട് വിനിയോഗിച്ചുള്ള പ്രവർത്തികൾ സംബന്ധിച്ച വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. രജിസ്ട്രേഷൻ വകുപ്പിൽ കഴിഞ്ഞ അഞ്ച് വർഷമായി പ്ലാൻ ഫണ്ട് വിനിയോഗിച്ച് വർക്സസ്/ഗുഡ്‌സ്/സർവിസസ് എന്നിവ പ്രൊക്യൂർ ചെയ്യുന്നത് ഇപ്പോൾ സീനിയർ സൂപ്രണ്ട് തസ്തികയിലുള്ള എം.എം റിസ ആണ്. സി.എസ്. ഷെറിൻ റോയ്, മനു എസ്.കുമാർ എന്നിവരാണ് നാല് വർഷത്തിലധികമായി ഇതേ കാര്യാലയത്തിൽ ജോലി ചെയ്യുന്ന മറ്റ് രണ്ട് പേർ.
രജിസ്ട്രേഷൻ ഡിപ്പാർട്മെന്റ്റിന്റെ കമ്പ്യൂട്ടറൈസേഷൻറെ ഭാഗമായി നടപ്പിലാക്കി വരുന്ന ഓപ്പൺ പേൾ പ്രൊജക്ടിന്റെ നോഡൽ ഓഫീസർ ആയാണ് റിസ ഇപ്പോൾ പ്രവർത്തിക്കുന്നത്. പദ്ധതി വിഹിതം വിനിയോഗിച്ചു കൊണ്ടുള്ള പർച്ചേസുകൾ നടത്തുന്നത് ഒരേ ഉദ്യോഗസ്ഥൻ തന്നെയാണ് എന്ന പരാതിയിലെ ആരോപണത്തിൽ കഴമ്പുള്ളതായാണ് അന്വേഷണത്തിൽ വ്യക്തമായി.
ഒരേ ഉദ്യോഗസ്ഥരെ ദീർഘകാലം ഒരേ ഓഫീസിൽ തുടരാൻ അനുവദിക്കുന്നത് അനഭിലഷണീയമായ ഇടപെടലുകൾക്ക് കാരണമാകും. അതിനാൽ ഈ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റേണ്ടത് അനിവാര്യമാണ്. സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റവും നിയമനവും സംബന്ധിച്ച 2017-ലെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിൻറെ ഉത്തരവിലെ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പാലിക്കണം. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന്റെ കാര്യാലയത്തിൽ ഇത് പാലിച്ചിട്ടില്ല.
രജിസ്ട്രേഷൻ വകുപ്പിൽ സാധനങ്ങൾ/സേവനങ്ങൾ എന്നിവ പ്രൊക്യൂർ ചെയ്യുന്നതിന് തയാറാക്കിയിട്ടുള്ള എസ്റ്റിമേറ്റും ടെൻഡർ പ്രകാരം ലഭ്യമായ റേറ്റും തമ്മിൽ ഭീമമായ വ്യത്യാസം പരിശോധനയിൽ കണ്ടെത്തി. എസ്റ്റിമേറ്റ് തയാറാക്കുന്നതിലെ പിഴവ് ആണ് ഈ അപാകതകക്ക് കാരണം. എസ്റ്റിമേറ്റ് തയാറാക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്ന് ഭരണവകുപ്പ് നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.