എയ്ഡഡ്-അൺ എയ്ഡഡ് മേഖലയിലെ ചട്ടലംഘനങ്ങളെക്കുറിച്ച് റിപ്പോർട്ട് ഒരുങ്ങുന്നു
text_fieldsകൊച്ചി: സംസ്ഥാനത്തെ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ ചട്ടവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാജഹാനാണ് ഇതിന്റെ ചുമതല.
ചില സ്കൂളിൽ പ്രവേശനത്തിന് വൻതുക കോഴ വാങ്ങുന്നുവെന്നും ചില സ്കൂളുകൾ എൻ.ഒ.സി പോലുമില്ലാതെ പ്രവർത്തിക്കുന്നുവെന്നുമുൾപ്പെടെ പരാതി ലഭിച്ചതായി മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് പോലുമുള്ള ഫീസ് ഘടന ഞെട്ടിക്കുന്നതാണ്. ചില സ്കൂളിൽ അഞ്ചു ലക്ഷം വരെ ഡൊണേഷനായും 50,000 രൂപ വരെ ത്രൈമാസ ഫീസായും വാങ്ങുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.
ഒരു കാരണവശാലും കോഴ വാങ്ങാനോ കൊടുക്കാനോ പാടില്ല. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന സ്കൂളുകൾ കണ്ടെത്തി തടയിടുകയാണ് ലക്ഷ്യം. എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ തലങ്ങളിലുള്ള അന്വേഷണമാണ് ഇതിനായി നടത്തുക. വേണ്ടത്ര ക്ലാസ് മുറികളില്ലാതെയും ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി റിപ്പോർട്ടിനുശേഷം തുടർനടപടി സ്വീകരിക്കും.
എസ്.എസ്.എൽ.സി പരീക്ഷക്ക് ഒറ്റയടിക്ക് സബ്ജക്ട് മിനിമം നടപ്പാക്കാനാവാത്തതുകൊണ്ട് ആദ്യഘട്ടമെന്നോണം എട്ടാം ക്ലാസിൽ ഇത് നടപ്പാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.