വഖ്ഫ് ബോർഡിന്റെ കെട്ടിടങ്ങൾ വാടകക്ക് നൽകിയതിൽ 1.40 കോടി കുടിശ്ശിക പിരിച്ചെടുക്കാനുണ്ടെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : സംസ്ഥാന വഖ്ഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ വാടകക്ക് നല്കിയതുമായി ബന്ധപ്പെട്ട് 1.40 കോടി രൂപ കുടിശ്ശിക പിരിച്ചെടുക്കാനുണ്ടെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. കുടിശ്ശിക ഈടാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്.
കൊച്ചി കോർപറേഷൻ പരിധിയിലുള്ള ബോർഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാണിജ്യ ആവശ്യങ്ങൾക്ക് വാടകക്ക് നൽകിയത് ഏഴെണ്ണമാണ്. അതിൽ രണ്ടെണ്ണം വാടകക്ക് നൽകിയിരിക്കുന്നത് കെ.എൻ.ജി ബ്രദേഴ്സ് എന്ന സ്ഥാപനത്തിനാണ്. അതിൽ ഒരു കെട്ടിടത്തിന് 31.13 ലക്ഷവും മറ്റൊരു കെട്ടിടത്തിന് 16.31 ലക്ഷവും കുടിശ്ശികയുണ്ട്. ആർ. രാമലിംഗർ ഒരു കെട്ടിടം വാടകക്ക് എടുത്തതിൽ 12 ലക്ഷം രൂപ കുടിശ്ശികയുണ്ട്. ബാറ്റ ഇന്ത്യ 14 ലക്ഷവും ആലപ്പാട്ട് സൂപ്പർ ഷോപ്പസ് 16 ലക്ഷവും ബോംബെ കളക്ഷൻസ് 45 ലക്ഷവും വാടക കുടിശ്ശിക അടക്കാനുണ്ടെന്നാണ് റിപ്പോർട്ട്.
ഏഴ് വാടകക്കാരിൽ കെ.ജി ജോർജ് വാടക കുടിശ്ശിക അടക്കാനില്ല. മറ്റ് ആറ് വാടകക്കാരിൽ നിന്നും കുടിശ്ശികയായി വഖ്ഫ് ബോർഡിനു 1,40,14,581 രൂപ ബോർഡിന് ലഭിക്കാനുണ്ട്. വാടക കുടിശ്ശിക നിലനിൽക്കെ കരാർ പുതുക്കിയതു സംബന്ധിച്ച് സമർപ്പിച്ച വിശദീകരണപ്രകാരം വാടക വർധനവ് ഉറപ്പാക്കുന്നതിനും നിലവിലെ വാടക ലഭിക്കുന്നതിനും വേണ്ടിയാണ് വാടക കരാർ പുതുക്കിയതെന്ന് വഖ്ഫ് ബോർഡ് റിപ്പോർട്ട് ചെയ്തിരുന്നു.
കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് തവണ വാടകയിളവ് അനുവദിച്ചിരുന്നു. 2021 സെപ്തംബർ ഏഴിലെ വഖ്ഫ് ബോർഡ് യോഗം നിലവിലുള്ള വാടക കുടിശ്ശിക 12 പ്രതിമാസ ഗഡുക്കളായി അടക്കുന്നതിന് അനുവാദം നൽകി. 2021 നവംബർ മാസം മുതൽ പ്രതിമാസ വാടക, വാടക കുടിശ്ശിക എന്നിവ അടച്ചു തീർക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ ഈ ഇളവിന്റെ ആനുകൂല്യം നഷ്ടപ്പെടുമെന്നും വ്യക്തമാക്കി.
33 മാസത്തോളം വാടക കുടിശ്ശിക വരുത്തിയ ബോംബൈ കളക്ഷൻസ് എന്ന സ്ഥാപനത്തിന് യാതൊരു ഇളവും നല്കേണ്ടതില്ലെന്നും ഈ സ്ഥാപനത്തിൽ നിന്നും വാടക കുടിശ്ശിക ഈടാക്കുന്നതിനും വാടക കെട്ടിടം ഒഴിപ്പിക്കുന്നതിനും കോടതി മുഖാന്തിരം നടപടി സ്വീകരിക്കുന്നതിനും തീരുമാനമെടുത്തു. വാടകക്കാർക്ക് മൂന്ന് മാസത്തെ വാടകയിളവ് ചെയ്തെങ്കിലും ബാറ്റ ഇന്ത്യ എന്ന സ്ഥാപനം മാത്രമെ കുറഞ്ഞ തുകയായി വാടക കുടിശ്ശിക അടച്ചിട്ടുള്ളുവെന്നും വഖ്ഫ് ബോർഡ് റിപ്പോർട്ട് ചെയ്തു.
ഭീമമായ തുക വാടക കുടിശ്ശിക ഇനത്തിൽ ലഭിക്കാനുള്ള സാഹചര്യത്തിൽ ഈ തുക ഈടാക്കുന്നതിനുള്ള ചട്ടപ്രകാരമുള്ള നടപടി സംസ്ഥാന വഖ്ഫ് ബോർഡ് അടിയന്തരമായി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ ഭരണ വകുപ്പ് നടപടി ഉറപ്പു വരുത്തണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.