മാർക്കറ്റ് റിസർച്ചിന് നോർക്കക്ക് അനുവദിച്ച 15 കോടി രൂപയിൽ 13.5 കോടിയും ചെലവഴിച്ചില്ലെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : നോർക്കയുടെ മാർക്കറ്റ് റിസർച്ച് വിഭാഗത്തിന് അനുവദിച്ച 15 കോടി രൂപയുൽ 13.5 കോടിയും ചെലവഴിച്ചില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2017- 18 മുതൽ 2022-23 വരെയുള്ള സാമ്പത്തിക വർഷത്തിൽ 15.08 കോടി രൂപയാണ് അനുവദിച്ചത്. അതിൽ ആകെ ചെലവഴിച്ചത് 1.58 കോടി മാത്രമാണ്. അനുവദിച്ച ആകെ തുകയുടെ 10.47 ശതമാനമാണ് ചെലവഴിച്ചത്.
2017-18 മുതൽ 2019-20 വരെയുള്ള കാലയളവിൽ അനുവദിച്ച തുക വിനിയോഗിച്ചിട്ടില്ലെന്ന് ഓഡിറ്റ് നിരീക്ഷിച്ചു. 2020-21ൽ അനുവദിച്ച തുകയുടെ 52 ശതമാനവും 2021-22ൽ 15 ശതമാനവും മാത്രമാണ് വിനിയോഗിച്ചത്. പദ്ധതി നടപ്പാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും പദ്ധതിയുടെ ലക്ഷ്യം നോർക്ക നേടിയിട്ടില്ലെന്നാണ് ഇത് കാണിക്കുന്നത്.
വിദേശകാര്യ മന്ത്രാലയം തെരഞ്ഞടുത്ത് കേരളത്തിൽനിന്നുള്ള നോഡൽ ഏജൻസിയാണ് നോർക്ക. റിക്രൂട്ട്മെന്റ് പ്രക്രിയയും പരിശീലനവും നൈപുണ വികസനവും നിയമപരമായ വശങ്ങളും കാര്യക്ഷമമാക്കുന്നതിന്, റിക്രൂട്ട്മെന്റിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനായി ഒരു പൊതു സ്വകാര്യ പങ്കാളിത്ത മോഡലിൽ രൂപീകരിച്ചതാണ് മാർക്കറ്റ് റിസർച്ച് എന്ന പദ്ധതി.
2017-18 ലും 2018-19 ലും 2.79 കോടി വീതമാണ് മാർക്കറ്റ് റിസർച്ച് പദ്ധതി അനുവദിച്ചത്. 2017-18ൽ നയാ പൈസ ചെലവഴിച്ചില്ല. 2018-19ൽ 6,000 രൂപ ചെലവഴിച്ചു. 2019-2020 ലാകട്ടെ മൂന്ന് കോടി അനുവദിച്ചിട്ടും ഒരു പൈസയും ചെലവഴിച്ചില്ല. 2020-21ൽ 2.50 കോടി രൂപ അനുവദിച്ചപ്പോൾ 1.29 കോടി ചെലവഴിച്ചു. 2021-22ൽ രണ്ട് കോടി രൂപ അനുവദിച്ചെങ്കിലും 29.74 ലക്ഷം മാത്രമാണ് ചെലവഴിച്ചത്. 2022-23ൽ അനുവദിച്ച രണ്ട് കോടിയും ഓഡിറ്റ് പരിശോധന നടത്തുന്നത് വരെ ചെലവഴിച്ചിട്ടില്ല.
തൊഴിൽ വിപണി തൊഴിലുടമക്കും ജീവനക്കാരനും ഒരുപോലെ സുഗമമാക്കുന്നതിന് റിക്രൂട്ട്മെന്റ്, പരിശീലനം, നൈപുണ്യ വികസനം, പോസ്റ്റ് പ്ലേസ്മെന്റ് അസിസ്റ്റൻസ്, നിയമ സഹായം, ഇൻഷുറൻസ് പിന്തുണ എന്നിവ യുക്തിസഹമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം രൂപീകരിച്ചത്. സർക്കാരിന്റെ എല്ലാ റിക്രൂട്ട്മെന്റ് ഏജൻസികളെയും പ്രവർത്തനങ്ങളെയും സംയോജിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിട്ടിരുന്നു.
വളർന്നുവരുന്ന മേഖലകൾ, നൈപുണ്യ സെറ്റുകൾ എന്നിവ തിരിച്ചറിയുന്നതിന്, പ്രത്യേകിച്ച് കുടിയേറ്റത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതിന്, ഐ.ഐ.എം പോലുള്ള മാർക്കറ്റ് സ്റ്റഡീസ്, മൊബിലിറ്റി, മൈഗ്രേഷൻ എന്നിവയിൽ ഉയർന്ന അനുഭവവും വൈദഗ്ധ്യവുമുള്ള ഇന്ത്യയിലെ പ്രീമിയർ മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയോ ഗവേഷണ സ്ഥാപനങ്ങളുടെയോ സേവനങ്ങൾ നേടുന്നതിനുമാണ് ഇത് തുടങ്ങിയത്.
തൊഴിൽ വിപണിയുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം തിരിച്ചറിഞ്ഞ് പിടിച്ചെടുക്കുന്നതിന് ഗവേഷണ തലത്തിലുള്ള നടപടി അനിവാര്യമാണ്. പുതിയ കാലത്തെ ആവശ്യകതകളും ഭാവിയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള പ്രവചനവും നൈപുണ്യ സർട്ടിഫിക്കേഷനും പുനർ നൈപുണ്യവും നൽകി മടങ്ങിവരുന്ന കുടിയേറ്റക്കാരെ വീണ്ടും സംയോജിപ്പിച്ച് ആഭ്യന്തര തൊഴിൽ വിപണിയിൽ തൊഴിലവസരം സൃഷ്ടിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമിട്ടിരുന്നു. രേഖകളുടെ പരിശോധനയിൽ പദ്ധതി മുന്നോട്ട് മുന്നോട്ട് പോകുന്നതിന് ആവശ്യമായ നടപടികൾ നോർക്ക് സ്വീകരിച്ചിട്ടല്ലെന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.