വിദ്യാർഥികളുടെ ഫീസ് തട്ടിയെടുത്ത പാലക്കാട് എൻ.എസ്.എസ് കോളജിലെ ജൂനിയർ സൂപ്രണ്ടിന് നൽകിയത് ലഘു ശിക്ഷയെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : വിദ്യാർഥികളുടെ ഫീസ് ഉൾപ്പെടെ തട്ടിയെടുത്ത പാലക്കാട് എൻ.എസ്.എസ് കോളജിലെ ജൂനിയർ സൂപ്രണ്ടിന് നൽകിയത് ലഘു ശിക്ഷയെന്ന് ധനകാര്യ റിപ്പോർട്ട്. കോളജിലെ ജൂനിയർ സൂപ്രണ്ടായ എസ്. പ്രദീപ് കുമാർ ബോധപൂർവം പണാപഹരണം നടത്തിയെന്ന് കണ്ടെത്തിയിട്ടും അദ്ദേഹത്തിനെതിരെയുള്ള ശിക്ഷ താക്കീതിലൊതുക്കിയത് ഉചിത് നടപടിയല്ലെന്ന് ധനകരാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സർക്കാരിലേക്കും പി.ഡി അക്കൗണ്ടിലേക്കും യൂനിവേഴ്സിറ്റിയിലേക്കും അടക്കേണ്ട തുക എസ്. പ്രദീപ്കുമാർ വിദ്യാർഥികൾ നിന്നും സർവീസ് ചട്ടങ്ങൾക്കു വിരുദ്ധമായി നേരിട്ട് പണമായി ഗൂഗിൾ പേ എന്ന മൊബൈൽ ആപ്പ് വഴി 52,307 രൂപ പിരിച്ചെടുത്തു. സർക്കാരിലേക്ക് ട്യൂഷൻ ഫീസ് ഇനത്തിൽ 25,200 രൂപയും യൂനിവേഴ്സിറ്റിയിലേക്ക് പരാക്ഷ ഫീസ് ഇനത്തിൽ 15,850 രൂപയും സ്ഥാപനത്തിന് സ്പെഷ്യൽ ഫീസ് ആൻഡ് കോഷൻ ഡിപ്പോസ്റ്റ് 16,660 രൂപയുമാണ് അടക്കേണ്ടിയിരുന്നത്.
ഇതിൽ 12,440 രൂപ അടച്ച ശേഷം പ്രദീപ് കുമാർ 45,270 രൂപയാണ് കൈവശം വെച്ചു. പെയ്മെൻറ് സ്റ്റാറ്റസ് വിദ്യാർഥികൾ പരിശോധിച്ചപ്പോഴാണ് ഫീസ് അടച്ചിട്ടില്ല എന്ന് ബോധ്യമായത്. തുടർന്ന് വിദ്യാർത്ഥികൾ ഓഫീസ് അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ടു. അപ്പോൾ മാത്രമാണ് പ്രദീപ് കുമാർ ബോധപൂർവം പണം അപഹരിച്ചതായി മാനേജ് മെന്റിന് ബോധ്യമായത്. തുടർന്ന് കോളജ് ഗവേണിങ് ബോഡി പ്രദീപ് കുമാറിന് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.
ഇത് സംബന്ധിച്ച് അന്വേഷിക്കുന്നത് കോളജ് കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ പ്രദീപ് കുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അപഹരിച്ച 47,270 രൂപ 18 ശതമാനം പലിശ സഹിതം 52,307 രൂപ ട്രഷറിയിൽ തിരിച്ചടപ്പിച്ചു. അച്ചടക്കനടപടിയുടെ ഭാഗമായി ജൂനിയർ സൂപ്രണ്ട് തസ്തികയിൽനിന്ന് ക്യാഷ്യർ തസ്തിയിലേക്ക് പ്രദീപ് കുമാറിനെ തരംതാഴ്ത്തി. പിന്നീട് അച്ചടക്ക നടപടി താക്കീതിൽ ഒതുക്കി. 2023 ഏപ്രിൽ അഞ്ചിന് തിരികെ ജോലിയിൽ പ്രവേശിച്ച് മെയ് 31ന് പ്രദീപ് കുമാർ സർവീസിൽനിന്ന് വിരമിക്കുകയും ചെയ്തു. സസ്പെൻഡ് ചെയ്ത കാലയളവ് ശൂന്യവേതനാവധി എന്നാക്കി മാറ്റുകയും ചെയ്തു.
പ്രദീപ് കുമാർ ബോധപൂർവം പണാപഹരണം നടത്തി എന്ന് വ്യക്തമായിട്ടും ലഘു ശിക്ഷണ നടപടി സ്വീകരിച്ച അധികാരിയുടെ നടപടി ഉചിതമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രമക്കേട് നടത്തിയ തുക പലിശ സഹിതം തിരികെ പിടിച്ചു. ക്രമക്കേട് നടത്തിയ ജീവനക്കാരൻ സേവനത്തിൽ നിന്നും വിരമിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച തുടർനടപടികൾക്ക് സാധ്യതയില്ല. കുട്ടികളുടെ ഫീസ് ശേഖരണം ഉൾപ്പടെയുള്ള പണമിടപാട് വിഷയങ്ങളിൽ കോളജ് അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഇത്തരം ക്രമക്കേട് കണ്ടെത്തുകയാണെങ്കിൽ മാതൃകാപരമായ കടുത്ത നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.