മരംമുറി അന്വേഷണ റിപ്പോർട്ട് ൈകമാറാൻ ഉത്തരവ്; ഉദ്യോഗസ്ഥക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം: മരംമുറിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് കൈമാറാൻ നിർദേശം. പ്രകൃതിസമ്പത്ത് കൊള്ളയടിച്ച അന്വേഷണ വിവരങ്ങളാണ് കൈമാറേണ്ടതെന്ന് ആഭ്യന്തര സെക്രട്ടറി ഉത്തരവായി. ഇവ പരിശോധിച്ച് ഏതൊക്കെ കേസിൽ തുടരന്വേഷണം വേണമെന്ന് പ്രത്യേകസംഘം തീരുമാനിക്കും.
പ്രത്യേക സംഘത്തിെൻറ തലവൻ എ.ഡി.ജി.പി എസ്. ശ്രീജിത്ത് ആഭ്യന്തരവകുപ്പ് ഉന്നതരെ ഇതുവരെ നടന്ന അന്വേഷണപുരോഗതി അറിയിച്ചിട്ടുണ്ട്. മറ്റ് വകുപ്പുകളുടെ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച് തുടർനടപടി സ്വീകരിക്കാനാണ് പ്രത്യേകസംഘം ഉദ്ദേശിക്കുന്നത്.
മുട്ടിൽ മരംമുറി ഉൾപ്പെടെ വിഷയങ്ങളിൽ വിവിധ വകുപ്പുകൾ അന്വേഷിക്കുകയാണ്. വനം, റവന്യൂവകുപ്പുകൾ മരംമുറി അന്വേഷിക്കുന്നുണ്ട്. വിവിധ വകുപ്പുകൾ പ്രത്യേകം അന്വേഷണം നടത്തുന്നതിലെ പൊരുത്തക്കേട് പ്രത്യേക സംഘം ചൂണ്ടിക്കാട്ടിയിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ കൈമാറാനുള്ള ഉത്തരവ്. ഒരു ഏജൻസിയിൽ മാത്രം കേന്ദ്രീകരിക്കുന്നതോടെ പല കാര്യങ്ങളിലും അന്വേഷണം നടക്കാനിടയില്ലെന്ന് ആക്ഷേപമുണ്ട്.
മരംമുറിയിലേക്ക് നയിച്ച വിവാദ ഉത്തരവിെൻറ രേഖകൾ പുറത്തുവന്നതിെൻറ പേരിൽ ഉദ്യോഗസ്ഥക്കെതിരെ നടപടി. റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിക്കെതിരെയാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നടപടിക്ക് നിർദേശിച്ചത്. ഇവരോട് അവധിയിൽ പോകാനാവശ്യപ്പെട്ടു. മറ്റൊരു വകുപ്പിലേക്ക് മാറ്റേണ്ടിവരുമെന്ന് വാക്കാൽ മുന്നറിയിപ്പും നൽകി. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാൻ ചുമതലയുള്ള ആൾക്കെതിരെയാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.