കെ.എച്ച്.ആർ.ഡബ്ല്യു.എസ് മുൻ എം.ഡി ചട്ടവിരുദ്ധമായി ആനുകൂല്യം കൈപ്പറ്റിയെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) മുൻ ജനറൽ മാനേജർ ജി. അശോക് ലാൽ ചട്ടവിരുദ്ധമായി ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. മാനേജിങ് ഡയറക്ടറായ 39 മാസക്കാലയളവിൽ യാത്രപ്പടിയിനത്തിൽ ചട്ടവിരുദ്ധമായി 3,12,009 രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ.
സർക്കാർ ഉദ്യോഗസ്ഥരുടെ യാത്രാബത്ത പരിധി നിശ്ചയിച്ചുള്ള 2016 സെപ്റ്റംബർ ഒമ്പതിലെ സർക്കാർ ഉത്തരവ് പ്രകാരം 50,400 രൂപയോ, അതിന് മുകളിലോ ശമ്പളമുള്ള (യഥാർഥ ശമ്പളം) ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക യാത്രകൾക്ക് കൈപ്പറ്റാവുന്ന യാത്രാബത്തയുടെ മാസപരിധി 4,900 രൂപയും ത്രൈമാസ പരിധി 14,700 രൂപയുമാണ്. സർക്കാർ വാഹനത്തിൽ ഔദ്യോഗിക യാത്ര നടത്തുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തിൽ യാത്രാബത്ത, ഹാൾട്ട് ദിനബത്ത, യാത്രയിൽ വന്നുകൂടുന്ന ചെലവ്, തീവണ്ടി യാത്ര മുതലായ ക്ലെയിമുകളിലെല്ലാം കൂടി അനുവദനീയമായ തുക, മാസ-ത്രൈമാസ യാത്രാബത്ത പരിധി തുകയുടെ 50 ശതമാനത്തിൽ കൂടാൻ പാടില്ലായെന്ന് നിഷ്കർഷിച്ചിരുന്നു.
ഔദ്യോഗിക യാത്രകൾക്കായി വാഹനം അനുവദിച്ച എം.ഡി അശോക് ലാൽ ഈ ഉത്തരവിലെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി ആർ.ഡബ്ല്യു.എസിൽനിന്നു 3,12,009 രൂപ യാത്രാബത്ത ഇനത്തിൽ അധികമായി കൈപ്പറ്റിയെന്ന് കണ്ടെത്തി.
ഫയൽ പരിശോധനയിൽ ത്രൈമാസ പരിധി ലംഘിച്ച് യാത്രാബത്ത അനുവദിക്കുന്നതിന് സർക്കാറിന്റെ സ്പഷ്ടീകരണം ആവശ്യമാണെന്നുള്ള ഫിനാൻസ് ഓഫിസറുടെ നിർദേശത്തെ അട്ടിമറിച്ചാണ് അശോക് ലാൽ എം.ഡി എന്ന പദവിയും അധികാരവും ഉപയോഗിച്ച് യാത്രാബത്ത കൈപ്പറ്റിയത്. സൊസൈറ്റിയുടെ തലവനായ എം.ഡിക്ക് മറ്റ് ഗവ. അംഗീകൃത സ്ഥാപനങ്ങളിലെ തലവൻമാർക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ നൽകാമെന്നും യാത്രാബത്ത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക ചട്ടത്തിലെ അധ്യായം ആറ് പ്രകാരമാണ് ഇത്തരത്തിൽ യാത്രാബത്ത കൈപ്പറ്റിയതെന്നുമാണ് എം.ഡി വിശദീകരണം നൽകിയത്.
എന്നാൽ, സർക്കാർ ഉദ്യോഗസ്ഥർക്ക് യാത്രാബത്ത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട 2016 സെപ്റ്റംബർ ഒമ്പതിലെ ഉത്തരവ് പ്രകാരം എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും യാത്രാബത്ത അനുവദിക്കുന്നതിന് മാസത്തിലും മൂന്ന് മാസത്തിലും പരിധി ബാധകമാണ്.
ഇക്കാര്യം യാത്രാബത്ത അനുവദിക്കുന്നതിന് മുമ്പ് ഫിനാൻസ് ഓഫിസർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അശോക് ലാൽ അത് അവഗണിച്ചു. ഉത്തരവ് സാധാരണ സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ ബാധകമാകുന്നതും എന്നാൽ തനിക്ക് ഇത് ബാധകമല്ല എന്നുമുള്ള തെറ്റായ വാദം ഉയർത്തിയാണ് തുക കൈപ്പറിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. അശോക് ലാലിന്റെ വിശദീകരണം നിലനിൽക്കാത്തതിനാൽ ത്രൈമാസ യാത്രാബത്ത പരിധിക്കു മുകളിൽ കൈപ്പറ്റിയ തുകയായ 3,12,009 രൂപ 18 ശതമാനം പലിശ സഹിതം തിരിച്ചടക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.