അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കൽ: മന്ത്രി പറഞ്ഞത് തെറ്റെന്ന് സബ് കളക്ടറുടെ ഓഫീസ്
text_fieldsകോഴിക്കോട് : അട്ടപ്പാടിയിലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചത് സംബന്ധിച്ച് മന്ത്രി കെ.രാജൻ നിയമസഭയിൽ നൽകിയ കണക്ക് തെറ്റെന്ന് ഒറ്റപ്പാലം സബ് കലക്ടറുടെ കാര്യാലയത്തിലെ ഓഫീസിലെ രേഖകൾ. അഞ്ച് ഏക്കറലധികം ഭൂമി നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങളുടെ 36 ടി.എൽ.എ കേസുകളിൽ അതേ ഭൂമി 123 ഏക്കർ ആദിവാസികൾക്ക് തിരിച്ചുപിടിച്ചു നൽകാൻ കഴിഞ്ഞു എന്നാണ് മന്ത്രിക്ക് രാജൻ നിയമസഭയിൽ മറുപടി നൽകിയത്.
1999 ൽ ആദിവാസി ഭൂ നിയമപ്രകാരം പാസാക്കിയതിന് ശേഷം അഞ്ച് ഏക്കറിധികം ഭൂമി നഷ്ടപ്പെട്ട അട്ടപ്പാടിയിലെ എത്ര ആദിവാസി കുടുംബങ്ങൾക്ക് അതേഭൂമി തിരിച്ചു നൽകിയെന്നായിരുന്നു വി.ശശിയുടെ ചോദ്യം. 2021 ഒക്ടോബർ 25 നാണ് മറുപടി രേഖാമൂലം നൽകിയത്. 36 കുടുംബങ്ങൾക്കും നഷ്ടപ്പെട്ട അതേ ഭൂമി തന്നെയാണ് പുനസ്ഥാപിച്ചു നൽകിയതിനാൽ പുനരധിവാസ കേന്ദ്രങ്ങൾ ഉണ്ടാക്കേണ്ടിവന്നില്ലെന്നും മന്ത്രി പറഞ്ഞു.
അഞ്ചേക്കറിൽ കുറവ് ഭൂമി നഷ്ടപ്പെട്ട കുടുംബങ്ങളുടെ പട്ടിക തയാറാക്കുകയാണ്. കേന്ദ്രാനുമതി ലഭിച്ച നിക്ഷിപ്ത വനഭൂമിയിൽ നിന്നോ അല്ലെങ്കിൽ അനുയോജ്യമായ മറ്റു ഭൂമി കണ്ടെത്തിയോ ആദിവാസികൾക്ക് ഭൂമി നൽകുന്നതിന് ലാൻഡ് റവന്യൂ കമ്മീഷണർ പാലക്കാട് കലക്ടർക്ക് കർശന നിർദേശം നൽകി എന്നും മന്ത്രി രേഖാമൂലം അറിയിച്ചു. ഭൂമി തിരിച്ചുപിടിച്ചു നൽകിയ 36 പേരുടെ പേരും അവരുടെ ടി.എൽ.എ കേസ് നമ്പരും അനുബന്ധമായി നിയമസഭാ രേഖകളിൽ നൽകി.
ഇക്കാര്യത്തിൽ സബ് കളക്ടറുടെ ഓഫീസ് നൽകുന്ന മറുപടി പ്രകാരം ഇതിൽ ഏഴ് ആദിവാസി കുടുംബങ്ങൾക്ക് മാത്രമേ ഭൂമി തിരിച്ചുപിടിച്ചു നൽകാൻ റവന്യൂവകുപ്പിന് കഴിഞ്ഞിട്ടുള്ളൂ. അതാകട്ടെ ഏതാണ്ട് 23 ഏക്കർ ഭൂമിയാണ് ആദിവാസികൾക്ക് തിരിച്ചു നൽകിയത്. സബ് കലക്ടറുടെ കാര്യാലയം നൽകിയ വിവരപ്രകാരം ടി.എൽ.എ കേസ് 524/87 ൽ കാരൂർ മരുതൻ-1.29 ഏക്കർ, 1698/87ൽ ഇലച്ചിവഴി പഴനി-2.05 ഏക്കർ, 546/87ൽ നൈനാംപെട്ടി നഞ്ചൻ-74 സെ ന്റ്, 410/87ൽ ചാവടിയൂർ കാളിക്ക് -1.03 ഏക്കർ, 1985/87ൽ കോഴിക്കൂടം സുന്ദരിക്ക് 7.4 ഏക്കർ, 593/87, 595/ൽ കൽണ്ടിയൂർ ചൊറുകന്- 5.97 ഏക്കർ, 1123/87ൽ ദൊഡുകട്ടി പുളിയൻ നഞ്ചന് 5.43 ഏക്കർ എന്നിങ്ങനെയാണ് ഭൂമി തിരിച്ചു നൽകിയത് സംബന്ധിച്ച് സബ്കലക്ടറുടെ കാര്യാലയം നൽകിയ മറുപടി.
2021 ൽ റവന്യൂ ഉദ്യോഗസ്ഥർ മന്ത്രി കെ. രാജന് നൽകിയത് തെറ്റായ കണക്കായിരുന്നുവെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. അട്ടപ്പാടിയിലെ ആദിവാസികളെ ആർക്കും പറ്റിക്കാം. ടി.എൽ.എ കേസിന്റെ നമ്പർ എത്രയാണെന്നോ, കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നോ അവരിൽ ഏറെപ്പേർക്കും അറിയില്ല. എത്ര ഏക്കർ ഭൂമിയാണ് നഷ്ടപ്പെട്ടതെന്ന് വിവരം പോലും പുതിയ തലമുറക്ക് അറിയില്ല. ഈ അറിവില്ലായ്മയാണ് റവന്യൂ ഉദ്യോഗസ്ഥർ ചൂഷണം ചെയ്യുന്നത്. ടി.എൽ.എ കേസിലുള്ള ഭൂമിക്ക് വൻതോതിൽ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നതിന് സഹായം നൽകുന്നതും റവന്യൂ ഉദ്യോഗസ്ഥരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.