റിപ്പബ്ലിക് ദിനാഘോഷം; കേരളത്തിന്റെ പ്രതിനിധിയായി ആദിലക്ഷ്മിയും
text_fieldsപുനലൂർ: ഇത്തവണത്തെ ദേശീയ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ കേരളത്തെ പ്രതിനിധീകരിക്കാൻ പുനലൂർ ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി എസ്. ആദിലക്ഷ്മിയും.
എൻ.സി.സി കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ ഭാഗമായി ദേശീയ റിപ്പബ്ലിക് ദിന റാലിയിലും നൃത്തം-ബാലെ ദേശീയോദ്ഗ്രഥന പ്രോഗ്രാം ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികളിലും പങ്കെടുക്കുന്നതിനായി എട്ടുമാസമായി നടത്തിയ വിവിധ സ്ക്രീനിങ് പരിശോധനയിൽനിന്ന് തെരഞ്ഞെടുത്ത അന്തർസംസ്ഥാന സംഘത്തിലാണ് ആദിലക്ഷ്മിയും ഉൾപ്പെട്ടത്.
രാജ്യത്തെ 17 എൻ.സി.സി ഡയറക്ടറേറ്റുകളിൽ നിന്നുള്ള എൻ.സി.സി കാഡറ്റുകൾ മാറ്റുരക്കുന്ന ദേശീയതല മത്സരങ്ങളിലും പങ്കാളിയാകാൻ ഗോൾഡൻ സർജന്റ് റാങ്കിലുള്ള ആദിലക്ഷ്മിക്ക് കഴിയും. ഗേൾസ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് കൂടിയായ എൻ.സി.സി ഓഫിസർ സുജാദേവി നേതൃത്വം നൽകുന്ന സ്കൂൾ കൊല്ലം 3 കെ (ഗേൾസ്) ബറ്റാലിയന്റെ ഭാഗമായി ക്യാമ്പിലേക്ക് അയച്ചതിനെ തുടർന്നാണ് നൃത്തത്തിൽ മികവ് പുലർത്തിയതിന്റെ അടിസ്ഥാനത്തിൽ കൾചറൽ വിഭാഗത്തിലേക്ക് അവസരം ലഭിച്ചത്.
ഫാത്തിമ മാതാ കോളജിൽ നടന്ന ഇന്റർ ബറ്റാലിയൻ മത്സരവും കൊച്ചി നാവിക ആസ്ഥാനത്ത് നടന്ന ഇന്റർ ഗ്രൂപ് മത്സരവും വിജയിച്ച ആദിലക്ഷ്മി തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഡയറക്ടറേറ്റ് നടത്തിയ മാസങ്ങൾ നീണ്ട പ്രീ ആർ.ഡി.സി ക്യാമ്പും വിജയകരമായി പൂർത്തിയാക്കി. പുനലൂർ നഗരസഭ പ്രതിപക്ഷനേതാവ് വെട്ടിപ്പുഴ സൗത്ത് ഞാറമൂട്ടിൽവീട്ടിൽ ജി. ജയപ്രകാശിന്റെയും തെന്മല യു.ഐ.ടി പ്രിൻസിപ്പൽ ഇൻ ചാര്ജ് കെ. ശാലിനിയുടെയും മകളാണ്. സഹോദരി എസ്. ദുർഗാലക്ഷ്മി സെന്റ് തോമസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.