ആവശ്യം പ്ലസ് വൺ സീറ്റ്; ഐ.ടി.ഐയും പോളിടെക്നിക്കും നിരത്തി സർക്കാർ പ്രതിരോധം
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥികളിൽ മഹാഭൂരിഭാഗത്തിനും ആവശ്യം പ്ലസ് വൺ പ്രവേശനമെങ്കിൽ സീറ്റ് ക്ഷാമത്തിന് സർക്കാറിന്റെ കണക്കിലുള്ളത് ഐ.ടി.ഐ, പോളിടെക്നിക്ക് മേഖലയിലെ സീറ്റുകൾ കൂടി ചേർത്തുള്ളത്. ഇതിന് പുറമെ ഉയർന്ന ഫീസ് നൽകി പഠിക്കേണ്ട അൺഎയ്ഡഡ് സ്കൂളുകളിലെ സീറ്റുകൾ കൂടി ഇതിനായി സർക്കാർ നിരത്തുന്നു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റ് സംസ്ഥാന സിലബസുകളിൽ പത്താംതരം പഠിച്ച് ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണവും സീറ്റ് ക്ഷാമകണക്കിൽ വിദ്യാഭ്യാസ വകുപ്പ് മറച്ചുവെക്കുന്നു.
കഴിഞ്ഞ വർഷം മറ്റ് സിലബസുകളിൽ പഠിച്ച 34000ൽ പരം വിദ്യാർഥികളാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിനുളള ഏകജാലക സംവിധാനത്തിൽ അപേക്ഷിച്ചത്. എന്നാൽ സർക്കാർ നിരത്തുന്ന കണക്കിൽ കേരളത്തിൽ എസ്.എസ്.എൽ.സി വിജയിച്ചവരുടെ കണക്ക് മാത്രമാണുള്ളത്. ബിരുദതലത്തിലേക്ക് ഉയർന്നുപഠിക്കാൻ ലക്ഷ്യമിട്ടാണ് മഹാഭൂരിഭാഗവും പ്ലസ് വൺ പ്രവേശനം തേടുന്നത്. സീറ്റ് ക്ഷാമം രൂക്ഷമായ മലബാർ ജില്ലകളിലും സീറ്റുണ്ടെന്ന് വരുത്തിതീർക്കാനും അൺഎയ്ഡഡ്, ഐ.ടി.ഐ, പോളിടെക്നിക്ക് സീറ്റുകളാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിരത്തുന്നത്. ബാച്ചിൽ അനുവദിനീയമായ 50 കുട്ടികൾക്ക് പകരം 65 വരെ കുത്തിനിറച്ചിട്ടും മലപ്പുറം ജില്ലയിൽ മാത്രം ഇരുപതിനായിരത്തിൽ പരം കുട്ടികൾക്ക് സീറ്റുണ്ടാകില്ലെന്ന കണക്ക് കഴിഞ്ഞ ദിവസം ‘മാധ്യമം’ പുറത്തുവിട്ടിരുന്നു.
പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ 2,31,000 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി വിജയിച്ചത്. ഈ ജില്ലകളിൽ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറികളിൽ വർധിപ്പിച്ചത് ഉൾപ്പെടെ 190160 സീറ്റുകളാണുള്ളത്. ഈ ജില്ലകളിൽ 40840 സീറ്റിന്റെ കുറവുണ്ട്. ഇതിന് പുറമെയാണ് ഇതര സിലബസിൽ പഠിച്ച് ഏകജാലക പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ. ഒന്നാം തരം മുതൽ പത്ത് വരെ പഠനത്തിന് സർക്കാർ, എയ്ഡഡ് സ്കൂൾ പഠനത്തിന് പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പ് പ്ലസ് വൺ പ്രവേശനത്തിന് സീറ്റില്ലാതെ വരുമ്പോൾ അൺഎയ്ഡഡ് സീറ്റ് ചൂണ്ടിക്കാണിച്ച് പ്രതിരോധമൊരുക്കുന്ന വിചിത്ര നിലപാടും ഇതോടൊപ്പം പുറത്തുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.