അർജുൻ കാണാമറയത്ത്; തിരച്ചിലിന് ഇന്ന് സൈന്യമിറങ്ങും
text_fieldsബംഗളൂരു/മംഗളൂരു: ഇടവിട്ട് പെയ്യുന്ന കനത്ത മഴയും ചളികുഴഞ്ഞ മണ്ണും ദുഷ്കരമാക്കിയ രക്ഷാദൗത്യം അഞ്ചാം ദിനവും കടക്കുമ്പോൾ മൺകൂനക്കടിയിൽ ജീവന്റെ ശേഷിപ്പുമായി കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനുണ്ടാകുമെന്ന പ്രതീക്ഷ മാത്രം ബാക്കി. ഞായറാഴ്ച രാവിലെ മുതൽ തിരച്ചിലിന്റെ ഉത്തരവാദിത്വം സൈന്യം ഏറ്റെടുക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഇക്കാര്യം എം.കെ രാഘവൻ എം.പിയെ അറിയിച്ചു.
ഷിരൂരിലെ അപകടസ്ഥലത്ത് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജി.പി.ആർ) ഉപയോഗിച്ചുള്ള പരിശോധനക്കൊടുവിൽ ശനിയാഴ്ച വൈകീട്ടോടെ ലഭിച്ച സിഗ്നൽ കേന്ദ്രീകരിച്ച് ശനിയാഴ്ച രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു. ഏകദേശം ഹൈവേയുടെ മധ്യഭാഗത്തായി അടിഞ്ഞുകൂടിയ മൺകൂനയിലാണ് യന്ത്രഭാഗത്തിന്റേതെന്ന് കരുതാവുന്ന സിഗ്നൽ ലഭിച്ചത്. ഇത് ലോറിയുടേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കുന്നിടിഞ്ഞ് ആറു മീറ്ററോളം ഉയരത്തിൽ ഹൈവേയിൽ മൺകൂന രൂപപ്പെട്ടിരുന്നു. നീക്കുന്തോറും മണ്ണിടിയുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്.
വലിയ ലൈറ്റുകൾ ഉപയോഗിച്ചുള്ള പരിശോധന ശനിയാഴ്ച രാവിലെ ആറിനാണ് പുനരാരംഭിച്ചത്. പത്തരയോടെ മംഗളൂരുവിൽനിന്നെത്തിച്ച ജി.പി.ആർ ഉപയോഗിച്ച് സൂറത്കൽ എൻ.ഐ.ടിയിൽനിന്നുള്ള മലയാളികൾ അടങ്ങുന്ന സംഘം കരയിലും ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) ഗംഗാവാലി നദിയിലും തെരച്ചിൽ നടത്തി.
അർജുനെ കൂടാതെ ദുരന്തത്തിൽ കാണാതായ മറ്റുള്ളവർക്കുമായാണ് നദിയിൽ തെരച്ചിൽ. അപകട സമയത്ത് അർജുൻ ലോറിക്കകത്തുണ്ടായിരുന്നെന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല. റഡാർ പരിശോധനയിൽ നാല് സിഗ്നലുകൾ ലഭിച്ചിരുന്നു. ഇവ അർജുന്റെ ലോറിയുടേതാണോ പാറകളുടേതാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. നനഞ്ഞുകുഴഞ്ഞ മണ്ണിൽ സിഗ്നലുകൾക്ക് വ്യക്തതയുണ്ടാവില്ലെന്നതാണ് കാരണം. പനവേൽ-കന്യാകുമാരി ദേശീയപാത 66ൽ ഉത്തര കന്നട ജില്ലയിലെ അങ്കോള ഷിരൂരിൽ ചൊവ്വാഴ്ച പുലർച്ചയാണ് മണ്ണിടിച്ചിലുണ്ടായത്. ദൗത്യത്തിന് സൈന്യത്തെ അയക്കണമെന്നാവശ്യപ്പെട്ട് അർജുന്റെ കുടുംബം പ്രധാനമന്ത്രിക്ക് കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.